ആലുവ: രാജ്യത്തെ അസ്ഥിരപ്പെടുത്താൻ യുവാക്കളെയും വിദ്യാർത്ഥികളെയും മയക്കുമരുന്നിന് അടിമകളാക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ സമിതി സംഘടിപ്പിച്ച 'ഹിന്ദു യുവശക്തി സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിലും മദ്യത്തിലും സുഖംകണ്ടെത്തി അവയ്ക്ക് പിന്നാലെ പായുന്ന യുവതലമുറയെ ശരിയായ ദിശയും ദൗത്യവും കാണിച്ചുകൊടുത്ത് നന്മയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ട്. 'എന്റെ രാജ്യം എനിക്കുലഹരി' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ പി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ആർ.വി.ബാബു, സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്ടൻ കെ.സുന്ദരൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷീജ ബിജു എന്നിവർ പങ്കെടുത്തു. ഹിന്ദു യുവ വാഹിനിയുടെ ജില്ലാ സംയോജകനായി കെ.എ. ഹരീഷ് കുമാർ, സഹസംയോജകനായി അനൂപ് പിണർമുണ്ട, സഹ സംയോജികമാരായി ജ്യോതി ബ്രഹ്മദത്തൻ (വടക്കേക്കര), ശ്രീലക്ഷ്മി സതീശൻ (ഏലൂർ) എന്നിവരെ തിരഞ്ഞെടുത്തു.