court

കൊച്ചി: ഗതാഗത നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിക്കുന്ന ഒരു വാഹനവും ഇന്നു മുതൽ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതിയുടെ ഉഗ്രശാസന. കണ്ടാൽ ആ നിമിഷം പിടിച്ചെടുക്കണം. കുറഞ്ഞത് മൂന്നു മാസത്തേക്ക് ഫിറ്റ്‌നസ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ചട്ടങ്ങൾ പാലിക്കാത്ത വാഹനങ്ങൾ വിളിച്ചാൽ വിദ്യാഭ്യാസ സ്ഥാപനമേധാവിക്കും യാത്രാച്ചുമതലയുള്ള അദ്ധ്യാപകനുമെതിരെ നടപടി. ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട് അഞ്ചു കുട്ടികളും അദ്ധ്യാപകനുമടക്കം ഒമ്പതു പേർ മരിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി നിലപാട് കർശനമാക്കിയത്.

നിയമവിരുദ്ധ വാഹനങ്ങളുടെ പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കുന്ന വ്ളോഗർമാരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ സർക്കാർ കൂടുതൽ സമയം തേടി. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

പിടിച്ചെടുത്ത് ഹാജരാക്കണം

# നിയമം ലംഘിച്ചുള്ള വാഹനമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം പൊലീസിലും മോട്ടോർ വാഹന വകുപ്പിലും അറിയിക്കണം

# അധികൃതർ ഉടൻ വാഹനം പിടിച്ചെടുത്ത് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കണം

# മോട്ടോർ വാഹന വകുപ്പു നടത്തുന്ന പരിശോധനകൾക്ക് പൊലീസ് പൂർണ പിന്തുണ നൽകണം

# വാഹനങ്ങളുടെ പ്രൊമോഷൻ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണം

# വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റം വരുത്തി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം

രൂപമാറ്റത്തിന് ക്രിമിനൽ കേസ്,

ചെയ്തുകൊടുക്കുന്നവരും കുടുങ്ങും

₹10,000 പിഴ

തിരുവനന്തപുരം: സ്പീഡ് ഗവർണറിൽ തിരിമറി കാട്ടിയാൽ ക്രിമിനൽ കേസെടുക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ സർക്കാർ തീരുമാനം. ഇലക്ട്രോണിക്ക് കൺട്രോൾ യൂണിറ്റിൽ മാറ്റം വരുത്തുന്നവർക്കും സ്ഥാപനങ്ങൾക്കുമെതിരെയും കേസെടുക്കുമെന്ന് മന്ത്രി ആന്റണിരാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രൂപമാറ്റത്തിനുള്ള പിഴ 5000 ൽ നിന്ന് 10,000 രൂപയാക്കി. ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പിഴ. രൂപമാറ്റം വരുത്തുന്ന വർക്ക്‌ഷോപ്പുകൾ, സൗണ്ട് സംവിധാനങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾ എന്നവർക്കെതിരെയും കേസെടുക്കും. ഓൾ ഇന്ത്യാ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങൾ സംസ്ഥാനത്ത് പ്രവേശിക്കുമ്പോൾ നവം. ഒന്നുമുതൽ പ്രത്യേകം നികുതി ഈടാക്കും. അപകടരഹിതമായി ഓടിക്കുന്ന ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ആനുകൂല്യം നൽകാനും തീരുമാനിച്ചു. പരിശോധന 86 ആർ.ടി ഓഫീസുകൾക്ക് വീതിച്ചു നൽകും. അവർ സ്വീകരിച്ച നടപടികൾ 15 ന് അവലോകനം ചെയ്യും.

ഏകീകൃത നിറം നിർബന്ധം

ടൂറിസ്റ്റ് ബസുകൾക്ക് ഇന്നു മുതൽ ഏകീകൃത നിറം നിർബന്ധമാക്കിയെന്ന് മന്ത്രി അറിയിച്ചു.വെള്ള നിറത്തിൽ വയലറ്റും ഗോൾഡനും കലർന്ന വരയാണ് വേണ്ടത്.ലംഘിക്കുന്ന ബസ് പിടിച്ചെടുക്കും. ഉത്തരവ് നിലവിലുണ്ടെങ്കിലും ബസുകൾ പാലിച്ചിരുന്നില്ല.

ഉദ്യോഗസ്ഥരും കുടുങ്ങും

* ക്രമക്കേട് കണ്ടെത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നടപടി

* ഡെപ്യൂട്ടി ട്രാൻ. കമ്മിഷണർ ആഴ്ചയിൽ 15 ബസ് പരിശോധിക്കും. കമ്മിഷണറുടെ സൂപ്പർ ചെക്കിംഗും

* ഡ്രൈവറുടെ ലഹരി ഉപയോഗം തടയാൻ എക്‌സൈസുമായി ചേർന്ന് പരിശോധന

* പിടിക്കപ്പെടുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പരിശീലനം

* ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കും