കോലഞ്ചേരി: വർദ്ധിച്ചുവരുന്ന ആഗോളതാപനത്തെ അതിജീവിക്കാൻ പച്ചപ്പിലേക്ക് പോവുക എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഗോ ഗ്രീൻ പദ്ധതിയുമായി കോലഞ്ചേരി റെഡ് ക്രോസ് സംഘത്തിന്റെ സന്ദേശയാത്ര തുടങ്ങി. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മാവിൻ തൈകൾ നട്ടു കൊണ്ടാണ് യാത്ര ആരംഭിച്ചത്.

21 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര വിവിധ ഇടങ്ങളിലെ 75 സ്‌കൂളുകൾ സന്ദർശിച്ച് ഓരോ മാവിൻ തൈകൾ നടും.
റെഡ്ക്രോസ് യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ, ബിനോയ് ടി. ബേബി, ജോബി ജോർജ്, ഉല്ലാസ് ജോയ് എന്നിവരാണ് സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളിൽ യാത്ര പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സെന്റ് പീ​റ്റേഴ്‌സ് സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ.ജേക്കബ് കുര്യൻ, മാനേജർ അഡ്വ.മാത്യു പി.പോൾ എന്നിവർ ഫ്ളാഗ് ഓഫ് ചെയ്തു. റെഡ്ക്രോസ് യൂണി​റ്റ് അംഗങ്ങളായ ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്, കെ.പി.ബിനു, പോൾ പി. വർഗീസ്, അജു പി.പോൾ, എൻ.സി.സി ഓഫീസർ ജിൻ അലക്‌സാണ്ടർ, പ്രിൻസിപ്പൽ കെ.ജെ.ജോസഫ്, സി.കെ.ബാബു, ബിന്ദു രഞ്ജിത്ത്, അഞ്ജു ബിനോയ് തുടങ്ങിയവർ സംസാരിച്ചു.