പറവൂർ: ഡോക്ടറുടെ വ്യാജ കുറിപ്പടിയുണ്ടാക്കി ലഹരി ഗുളികകൾ വാങ്ങി കുട്ടികൾക്കിടയിൽ വിൽപന നടത്തിയ രണ്ട് പേർ പിടിയിലായി. ആലുവ പറമ്പയം ചെറൂപ്പിള്ളി ഇബ്രാഹിം ഹക്കിം (20), പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന ഗുളികയുമായി നഗരത്തിലെ കോളേജിന്റെ പരിസരത്ത് നിന്നാണ് ഇബ്രാഹിം ഹക്കിം എക്സൈസിന്റെ പിടിയിലായത്. ഗുളികകൾ വാങ്ങിയ മെഡിക്കൽ ഷോപ്പിൽ പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ കുറിപ്പടി കണ്ടത്. വിശദമായി ചോദ്യം ചെയ്തപ്പോൾ സ്കൂൾ വിദ്യാർത്ഥി ഒരു ഡോക്ടറുടെ പക്കൽ നിന്നു വാങ്ങിത്തന്നതാണെന്ന് മൊഴി നൽകി. തുടർന്നു വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ വഴി ഡോക്ടറുടെ വ്യാജ കുറിപ്പടി ഉണ്ടാക്കിയാണ് നൽകിയതെന്നു വ്യക്തമായത്. വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എ. പ്രമോദ് പറഞ്ഞു.