തൃപ്പൂണിത്തുറ: വിവിധ ആവശ്യങ്ങളുന്നയിച്ച് പൂത്തോട്ട മേഖലയിലെ സ്വകാര്യബസ് തൊഴിലാളികൾ നടത്തുന്ന സമരംമൂലം വൈക്കംറോഡിൽ യാത്രാ ദുരിതം. പൂത്തോട്ട, ഉദയംപേരൂർ മേഖലയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് കഷ്ടപ്പാടിലായത്. പെരുമ്പളം, കാട്ടിക്കുന്ന് പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരും പ്രതിസന്ധിയിലാണ്.

ആഴ്ചയിലെ ആദ്യ പ്രവൃത്തിദിവസമായത് കൊണ്ടുതന്നെ യാത്രക്കാരുടെ എണ്ണവും ഇന്നലെ കൂടുതലായിരുന്നു. വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാലയങ്ങളിലെത്തിയത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര തരപ്പെടുത്തിയും നടന്നും മറ്റും ആളുകൾക്ക് സഞ്ചരിക്കേണ്ടി വന്നു. പൂത്തോട്ടമേഖലയിൽ സർവീസ് നടത്തുന്ന 33 സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.

കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാത്തതിനാൽ കുട്ടികൾക്ക് ഇവയെ ആശ്രയിക്കാനാവില്ല. വൈക്കം, കോട്ടയം റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചറുകളാണ് യാത്രക്കാർക്ക് തുണയാകുന്നത്. ഈ ബസുകളിലാണെങ്കിൽ വിദ്യാർത്ഥികളെ കയറ്റാൻ ജീവനക്കാർ വിമുഖത കാട്ടുകയാണ്. രാവിലെയും വൈകിട്ടും ഫുൾടിക്കറ്റ് യാത്രക്കാരുടെ ആധിക്യത്തിനിടെ കുട്ടികളെ കയറ്റിയാൽ വരുമാനം കുറയുമെന്നാണ് ഇവരുടെ നിലപാട്. വിദ്യാലയങ്ങളിൽ നിന്നിറങ്ങിയിട്ടും മണിക്കൂറുകൾ കുട്ടികൾ സ്റ്റോപ്പുകളിൽ കാത്തുനിൽക്കേണ്ടിവന്നു. മേഖലയിൽ ഏറ്റവുധികം വിദ്യാർത്ഥികൾ പഠിക്കുന്ന പൂത്തോട്ട കെ.പി.എം. സ്കൂളിലെയും ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളുകളിലെയും വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും കോട്ടയം ജില്ലയിലെ അതിർത്തി പ്രദേശത്തുനിന്നുള്ളവരാണ്. ഇവരാണ് ബസ് സമരത്തിൽ പ്രധാനമായും വലയുന്നത്. വിദ്യാർത്ഥികളെ അകറ്റിനിറുത്തുന്ന ബസ് ജീവനക്കാരുടെ നടപടികളെ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നകയും ചെയ്യുന്നുണ്ട്.

ബസ് ജീവനക്കാരുടെ ആവശ്യം

തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പാക്കുക, മിനിമം മൂന്ന് ജീവനക്കാരെ ഡ്യൂട്ടിയിൽ പുനഃസ്ഥാപിക്കുക, ലേബർ ഓഫീസിൽ ചർച്ച ചെയ്തു തീരുമാനിച്ച ബോണസ് നൽകുക, ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക, ജോലിക്ക് അനുസൃതമായി വേതനം നൽകുക, എല്ലാ തൊഴിലാളികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ് തൊഴിലാളികൾ ഇന്നലെ മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ഒത്തുതീർപ്പ് ചർച്ചകളൊന്നും ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.