
കൊച്ചി: ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന സംഘങ്ങൾക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഒത്താശയുണ്ടെന്ന് സൂചന. ഇറാൻ ബോട്ടിൽ നിന്ന് 200 കിലോ ഹെറോയിൻ പിടികൂടിയത് സംബന്ധിച്ച അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത്.
കൊച്ചി പുറങ്കടലിൽ നിന്നാണ് 200 കിലോ ഹെറോയിൽ കഴിഞ്ഞ വ്യാഴാഴ്ച കോസ്റ്റ് ഗാർഡ് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യ്ക്ക് കൈമാറിയത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാജി സലിം സംഘം അയച്ചതാണ് മയക്കുമരുന്നെന്ന് എൻ.സി.ബി കണ്ടെത്തിയിരുന്നു. ഹാജി സലിമിനും സംഘത്തിനും ഐ.എസ്.ഐയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് സൂചന. വർഷങ്ങളോളം ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മഹാസമുദ്രം വഴി കടത്താൻ ഐ.എസ്.ഐയുടെ സഹായമില്ലാതെ കഴിയില്ലെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഗമനം.
ഇറാൻ ബോട്ടിൽ നിന്ന് പിടികൂടിയവരിൽ നാലുപേർ ഇറാൻകാരും രണ്ടുപേർ പാകിസ്ഥാൻകാരുമാണ്. ഇവരുടെ പേരുവിവരങ്ങൾ എൻ.സി.ബി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.സി.ബി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഇവർ കാരിയർമാർ മാത്രമായതിനാൽ ചോദ്യം ചെയ്യലിൽ പാകിസ്ഥാൻ സംഘത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ സാദ്ധ്യത കുറവാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഉറവിടം അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്ഥാനിൽ ഉദ്പാദിപ്പിക്കുന്ന ഹെറോയിനാണ് പാകിസ്ഥാനിൽ എത്തിക്കുന്നത്. ഹാജി സലിം സംഘമാണ് ഇവ പുറംകടലിൽ വച്ച് കപ്പലുകളിലേക്കും മത്സ്യബന്ധന ബോട്ടുകളിലേക്കും മാറ്റുന്നത്. ശ്രീലങ്കയിലാണ് മയക്കുമരുന്ന് എത്തിക്കുന്നത്. അവിടെ നിന്ന് എൽ.ടി.ടി.ഇ ബന്ധമുള്ള ഇടനിലക്കാർ തമിഴ്നാട് തീരം വഴി ഇന്ത്യയിലും എത്തിക്കും.
2021 മാർച്ച് എട്ടിന് ലക്ഷദ്വീപിന് സമീപത്തു നിന്ന് മയക്കുമരുന്നും തോക്കും പിടികൂടിയതിനു പിന്നിലും ഹാജി സലിം സംഘമാണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് അയച്ചതും ഹാജി സലിം സംഘമാണ്. എൻ.സി.ബിക്ക് പുറമെ എൻ.ഐ.എയും ഐ.ബി ഉൾപ്പെടെ ഏജൻസികളും ലഹരിക്കടത്തിന്റെ വഴികൾ കണ്ടെത്താൻ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.