മട്ടാഞ്ചേരി: കരുവേലിപ്പടി റോഡിലെ അപകടകരമായ കുഴി നികത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകർ നടത്തിയ വേറിട്ട സമരം ശ്രദ്ധേയമായി. പ്രതീകാത്മകമായി കാലന്റെ വേഷംകെട്ടിയും ശവ മഞ്ചമേന്തിയുമാണ് പ്രതിഷേധിച്ചത്. കരുവേലിപ്പടി, ചുള്ളിക്കൽ, പനയപ്പിളി ഭാഗങ്ങളിലെ റോഡുകളിലെ കുഴികളിൽ ഇരുച്ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. പൊടിശല്യം കാരണം ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളും ബുദ്ധിമുട്ടിലാണ്. മഹാത്മാ സാംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനയപ്പിളി മണ്ഡലം പ്രസിഡന്റ് പി.എം.അസ്‌ലാം, ആർ.ബഷീർ, ഇ.എ.ഹാരിസ്, റിയാസ് ഷെരീഫ്, സനൽ ഈസ, സുജിത് മോഹൻ, മുജീബ് കൊച്ചങ്ങാടി,സംജാദ് ബഷീർ, കെ.ബി.ജബ്ബാർ, അസീസ് ഇസ്ഹാക് സേട്ട്, ജാസ്മിൻ റഫീഖ്, സുനിത ഷമീർ, മീന ആന്റണി, പ്രീതി ജിപ്സൺ, റിനീഷ് തുടങ്ങിയവർ പങ്കെടുത്തു.