
കൊച്ചി: ടൂറിസ്റ്റ് ബസുകളിൽ പടങ്ങളും ഗ്രാഫിക്സുമൊന്നും വേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി ബസിൽ പോലും പുലിയുടെ ചിത്രം കണ്ടു. ദേശീയ പാതയിൽ പരസ്യ ബോർഡുകൾ വേണ്ട. കേരളത്തിന്റെ അതിർത്തി കടന്നാൽ ഇത്തരം ബോർഡുകൾ കാണാനില്ല.
സർക്കാർ നടപടി വെറും പിഴയിൽ മാത്രം ഒതുങ്ങരുത്. വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ബസിൽ നിറയെ കളർ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. ഇതൊക്കെ എങ്ങനെയാണ് അനുവദിക്കുന്നത്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തത് കോടതിയലക്ഷ്യമല്ലേ? നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് എന്തു നടപടിയാണ് എടുത്തത്? അപകടമുണ്ടായാൽ അടുത്ത പത്തു ദിവസം നടപടിയുണ്ടാകും. പിന്നെ ഒന്നുമുണ്ടാവില്ല.
വാഹന പരിശോധനയെ ബസുടമകൾ മാത്രമല്ല, വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരും എതിർക്കുന്നു. ഇതനുവദിച്ചു കൊടുക്കരുത്. നിയമം ലംഘിച്ചുള്ള വാഹനങ്ങൾ അതിലെ യാത്രക്കാർക്കു മാത്രമല്ല, മറ്റു യാത്രക്കാർക്കും ഭീഷണിയാണ്. വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലെ വിവരങ്ങൾ ന്വേഷണം പുരോഗമിക്കുന്നതിനാൽ വെളിപ്പെടുത്തുന്നില്ലെന്നും കോടതി പറഞ്ഞു.