
കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ടുകൾ വിദേശ നാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചാണോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്കും രണ്ടു മാസത്തേക്ക് ഇ.ഡി തുടർസമൻസുകൾ നൽകുന്നത് ഹൈക്കോടതി തടഞ്ഞു. ഫെമ ലംഘനമുണ്ടോ എന്നു പരിശോധിക്കാനായി തുടർച്ചയായി സമൻസ് നൽകി ഇ.ഡി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് കിഫ്ബി ഉദ്യോഗസ്ഥരും സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്കും നൽകിയ ഹർജികളിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.
ഇ.ഡിയുടെ അന്വേഷണം വിലക്കാനാവില്ലെങ്കിലും തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ തുടർച്ചയായി സമൻസ് നൽകി വിളിപ്പിക്കുന്നതിന് ന്യായീകരണമില്ലെന്ന് സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. റിസർവ് ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് വിഭാഗത്തിലെ ചീഫ് ജനറൽ മാനേജരെ ഹർജികളിൽ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. ഹർജികൾ നവംബർ 15നു വീണ്ടും പരിഗണിക്കും.
കിഫ്ബിയുടെ മസാലബോണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്റെ ബന്ധുക്കളുടെയടക്കം വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇ.ഡി സമൻസ് നൽകുന്നതെന്നും സമൻസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും തോമസ് ഐസക്കിന്റെ ഹർജിയിൽ ആരോപിച്ചിരുന്നു. ഒന്നരവർഷമായി സമൻസ് നൽകി ചോദ്യം ചെയ്തിട്ടും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഇ.ഡി അധികൃതർ കണ്ടെത്തിയിട്ടില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ പറയുന്നു. ഇ.ഡിയുടെ ഇടപെടലുകൾ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കിഫ്ബി അധികൃതർ വാദിച്ചിരുന്നു.