
# മൂന്ന് പേർ ഓടി രക്ഷപ്പെട്ടു
ആലുവ: ചപ്പാത്തിയും ചിക്കൻ കറിക്കും പണം ആവശ്യപ്പെട്ടതിന്റെ പേരിൽ ജീവനക്കാരനെ ആക്രമിക്കുകയും കടയുടെ ചില്ല് തകർക്കുകയും ചെയ്ത നാലംഗ ലഹരി സംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ചെങ്ങമനാട് പറമ്പയം സ്വദേശി അനീസ് (30) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നാട്ടുകാർക്ക് നേരെ കത്തിവീശിയ ശേഷം തോട്ടക്കാട്ടുകര അക്വഡേറ്റ് പാലത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അക്വഡേറ്റിൽ നിന്നും ഇറങ്ങിവന്ന പ്രതികൾ സമീപത്തെ ബെസ്റ്റ് ചപ്പാത്തി സെന്ററിൽ കയറി രണ്ട് സെറ്റ് ചപ്പാത്തിയും ചിക്കൻകറിയും ആവശ്യപ്പെട്ടു. പൊതിഞ്ഞുകൊണ്ടിരിക്കെ പാക്ക് ചെയ്ത് വച്ചിരുന്ന മറ്റൊരു സെറ്റ് കൂടി സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈയ്യിലെടുത്തു. പണം ആവശ്യപ്പെട്ട ജീവനക്കാരൻ മണിപ്പൂർ സ്വദേശി നവാസിനെ (24) പ്രതികൾ ആക്രമിച്ചു. പിന്നീട് മുൻവശത്തെ ചില്ലും തകർത്ത ശേഷം പ്രതികൾ തിരികെ അക്വഡേറ്റിലേക്ക് കയറിപ്പോയി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ പ്രതികളെ തേടി അക്വഡേറ്റിലെത്തിയപ്പോഴാണ് മൂന്ന് പേർ കത്തിവീശിയ ശേഷം താഴേക്ക് ചാടി രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്നയാളെയാണ് പിടികൂടി ആലുവ പൊലീസിന് കൈമാറിയത്. പരിക്കേറ്റ നവാസിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.
അക്വഡേറ്റ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ വിഹാരത്തെക്കുറിച്ച് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് നേരത്തെ എക്സൈസും പൊലീസും പട്രോളിംഗ് നടത്തിയപ്പോൾ താത്കാലിക ശമനമുണ്ടായതായിരുന്നു. നാട്ടുകാർക്ക് അക്വഡേറ്റ് വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.