നെടുമ്പാശേരി: അപകടമേഖലയായ അത്താണി - വെടിമറ റോഡിലെ ഗ്യാസ് ഗോഡൗൺ വളവ് നിവർത്തി സഞ്ചാരയോഗ്യമാക്കാൻ നടപടിയായി. റവന്യു എൽ.ആർ തഹസിൽദാരുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗം നിർദേശിച്ചു.
നിലവിൽ തയ്യാറായ അലൈൻമെന്റിന് അംഗീകാരം ലഭിച്ചാലുടൻ വളവ് നിവർത്തൽ ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. റോഡിന്റെ റീ സർവേയ്ക്ക് ശേഷം നേരത്തെ യോഗം വിളിച്ചപ്പോൾ പഴയ സർവേപ്രകാരം റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് എൽ.എ തഹസിൽദാറുടെ പഠന റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ റീസർവേ പ്രകാരം എടുത്ത അലൈൻമെന്റും പഴയ സർവേപ്രകാരം ഇപ്പോൾ എടുത്ത അലൈൻമെന്റും ഒന്നുതന്നെയാണെന്ന് വ്യക്തമായിരുന്നു.
യോഗത്തിൽ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ് മുഹമ്മദാലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ റജീന നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി ഗോപി, പഞ്ചായത്ത് മെമ്പർമാരായ എസ്. അസീസ്, ശോഭന സുരേഷ് കുമാർ, വിജിത വിനോദ്, എൽ.ആർ. തഹസീൽദാർ മുഹമ്മദ് ഷാഫി, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനിയർ സുജാറാണി, എക്‌സി.എൻജിനിയർ സി.എം. സ്വപ്ന, അസി.എക്‌സി.എൻജിനിയർ മുഹമ്മദ് ബഷീർ, അസി. എൻജിനിയർ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.