
■ഷാഫിയുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തൽ
കൊച്ചി: ''ഇങ്ങനെ ജീവിച്ചിട്ട് എന്തിനാണ്, ദുരിതം മാത്രമല്ലേ? തിരുവല്ലയിലേക്ക് വരുന്നോ? പണവും സുഖ സൗകര്യങ്ങളുമൊക്കെ കിട്ടും. പത്മയ്ക്കിപ്പോൾ വീടുമായി കൈനിറയെ കാശുമായി. ആലോചിച്ചു പറയൂ...""
പത്മയെയും റോസിലിയെയും നരബലി കൊടുത്ത് ലക്ഷങ്ങൾ കൈക്കലാക്കിയ പെരുമ്പാവൂർ വെങ്ങോല അല്ലപ്ര കണ്ടന്തറ വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52) എറണാകുളം നഗരത്തിലെ മറ്റ് ലോട്ടറി വില്പനക്കാരികളെയും ഇത്തരത്തിൽ പ്രലോഭിപ്പിച്ചിരുന്നു. പെരുമ്പാവൂരിൽ നിന്ന് കൊച്ചിയിലെത്തി താമസിക്കുന്ന ഷാഫി ക്രിമിനലാണെന്നും ,ആഭിചാര ക്രിയകളോട് അതിയായ ഭ്രമമുണ്ടെന്നും തിരിച്ചറിഞ്ഞ് ലോട്ടറി വില്പനക്കാരികൾ 'ഓഫർ' നിരസിക്കുകയായിരുന്നു
. ഇയാൾ നിരന്തരം പിന്തുടർന്ന് തിരുവല്ലയിലേക്ക് ക്ഷണിച്ചിരുന്നതായി ഇവരിലൊരാൾ കേരളകൗമുദിയോട് പറഞ്ഞു.ഏതാനും ദിവസം മുമ്പാണ് ഷാഫി തിരുവല്ലയിലേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചത്. ദിവ്യശക്തിയുള്ള ദമ്പതികൾക്ക് മുന്നിൽ പൂജയ്ക്കിരിക്കണം. വെളുത്ത സാരി വേണം ധരിക്കാനെന്നും പറഞ്ഞു. പത്തനംതിട്ട വരെ പോയി വരാൻ ബുദ്ധിമുട്ടറിയിച്ചപ്പോൾ ,24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. പോയിരുന്നെങ്കിൽ ഞങ്ങളും ഈ ഭൂമിയിലുണ്ടാകില്ലായിരുന്നു. ഷാഫി തരികിടയാണെന്ന് നേരത്തെ അറിയാം. സംസാരിക്കുമ്പോഴെല്ലാം ആഭിചാര ക്രിയകളെക്കുറിച്ചും, മൃഗബലിയെക്കുറിച്ചും പറയും. അതുകൊണ്ടാണ് അന്ന് പോകാതിരുന്നത്-എറണാകുളം സ്വദേശിനിയായ 48 വയസുള്ള ലോട്ടറി വില്പനക്കാരി പറഞ്ഞു.
'ഏതാനും വർഷമായി പത്മക്കയെ (പത്മ) അറിയാം. സഹോദരിയെപ്പോലെയായിരുന്നു. റോസിലി ചേച്ചിയുമായി സൗഹൃദമുണ്ട്. ആഹാരത്തിന് പോലും വകയില്ലാത്ത കുടുംബമായിരുന്നു ഇരുവരുടെയും. പണം നൽകാമെന്നെല്ലാം ഷാഫി പറഞ്ഞപ്പോൾ പെട്ടുപോയതായിരിക്കും. പത്മക്കയും റോസിലിയും ധരിച്ചിരുന്നത് സ്വർണാഭരണങ്ങളാണ്. അത് എവിടെപ്പോയെന്ന് അന്വേഷിക്കണം.' - അവർ പറഞ്ഞു.