മൂവാറ്റുപുഴ: മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മികച്ചവരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ബൃഹത്‌പദ്ധതിക്ക് ഇന്ന് തുടക്കം. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലയിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പദ്ധതി.

ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂഴിക്കടവിൽ രണ്ടുലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ്, എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ, ജില്ലാപഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ജി. രാധാകൃഷ്ണൻ, വെസ്റ്റിൻ ചെറ്റൂർ, ആരക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോതൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ അജി, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ലസിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജു ഓണാട്ട്, ആലുവ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എൻ. സുലേഖ തുടങ്ങിയവർ പങ്കെടുക്കും.


കാർപ്പ് മത്സ്യക്കുഞ്ഞുങ്ങൾ
കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം തുടങ്ങിയവമൂലം പുഴകളിൽ മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. അതിവേഗം വളരുന്ന കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഒമ്പത് ഇടങ്ങളിലായി മത്സ്യ/ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.