m

കുറുപ്പംപടി: എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ മേഖലയിലെ സൺഡേ സ്കൂൾ കലോത്‌സവം വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഡയറക്ടർ എൽബി വർഗീസ് പതാക ഉയർത്തി. മേഖല മെത്രാപ്പോലീത്താ മാത്യൂസ് മോർ അഫ്രേം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. എൽദോസ് വർഗീസ് വെള്ളരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഓവറോൾ ചാമ്പ്യൻമാരായി. തുരുത്തിപ്ലി, കീഴില്ലം ഡിസ്ട്രിക്ടുകൾക്കാണ് യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങൾ. സബ് ജൂനിയർ വിഭാഗത്തിൽ മലയിടംതുരുത്തും ജൂനിയറിൽ തുരുത്തിപ്ലിയും സീനിയറിൽ കുന്നക്കുരുടിയും പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ കുറുപ്പംപടിയും അദ്ധ്യാപക വിഭാഗത്തിൽ കീഴില്ലം ഡിസ്ട്രിക്ടുകളും ഒന്നാംസ്ഥാനം നേടി.

കുറുപ്പംപടി എം.ജി.എമ്മാണ് ബെസ്റ്റ് സൺഡേ സ്കൂൾ. ഹന്ന മേരി വർഗീസ്, ജുവൽ മേരി കുര്യാച്ചൻ, സച്ചിൻ സജി, സെഫാൻ ബേസിൽ സജി എന്നിവർ കലാപ്രതിഭകളായി. എട്ട് ഡിസ്ട്രിക്‌ടുകളിൽ നിന്ന് 480 കുട്ടികളും അദ്ധ്യാപകരും മത്സരിച്ചു. സഹ വികാരിമാരായ ഫാ. റെജി തെക്കിനേത്ത്, ഫാ. ജോൺ പാലത്തിങ്കൽ, മേഖല സെക്രട്ടറി ജോബി മാത്യു, ട്രസ്റ്റിമാരായ ബെന്നി ഐസക്ക്, ടി.ഐ. പൗലോസ്, കേന്ദ്രസമിതി അംഗം ടി.ടി. ജോയി, പി.ഐ. ഉലഹന്നാൻ, സ്കൂൾ മാനേജർ എ.ജെ. മത്തായി, എൻ.കെ. മേവിസ്, റെജി പോൾ എന്നിവർ പ്രസംഗിച്ചു.