water

 വെള്ളക്കെട്ടൊഴിവാക്കാൻ കലുങ്ക് നിർമ്മിക്കണമെന്ന് ഹൈക്കോടതി

ആലുവ: തോട്ടക്കാട്ടുകര സെമിനാരിപ്പടി ഭാഗത്ത് മഴക്കാലത്ത് വർഷങ്ങളായി അനുഭവപ്പെടുന്ന വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തവ് പ്രദേശവാസികൾക്ക് ആശ്വാസമായി. ചെറിയ മഴയിൽപ്പോലും മുട്ടോളം വെള്ളം ഉയർന്ന് ജനജീവിതം ദുരിതപൂർണമാകുന്ന സാഹചര്യം ഒഴിവാകുമെന്ന സന്തോഷത്തിലാണ് പ്രദേശത്തെ 80ഓളം കുടുംബങ്ങൾ.

പ്രദേശവാസികളായ ജാവൻ ചാക്കോ, എ.എസ്. സുന്ദരൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഗതാഗത തടസമില്ലാതെ 'പുഷ് ത്രു കലുങ്ക്" നിർമ്മിക്കാനാണ് നിർദ്ദേശം. 1980ൽ മംഗലപ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം പലവട്ടം ദേശീയപാത വികസിപ്പിച്ചപ്പോഴെല്ലാം ഇടറോഡുകളിലെ കലുങ്കുകളെല്ലാം ഇല്ലാതായി. പറവൂർ കവല മുതൽ സെമിനാരിപ്പടി കവല വരെയുള്ള ഭാഗത്തെ കലുങ്കുകളാണ് ഇല്ലാതായത്. ഇതോടെ പൊന്തിഫിക്കൽ സെമിനാരി ഭാഗത്തെ വെള്ളമെല്ലാം ഇടവഴികളിലും വീടുകളിലുമെല്ലാം കെട്ടികിടക്കുന്ന സ്ഥിതിയായി.

ദേശീയപാതയുടെ പടിഞ്ഞാറുവശം നിലവിലുള്ള കാന ആഴം കൂട്ടി ഹൈക്കോടതി നിർദ്ദേശപ്രകാരം കലുങ്ക് സ്ഥാപിച്ചാൽ വെള്ളക്കെട്ടിന് പരിഹാരമാകും. ആലുവ നഗരസഭയ്ക്കും എൻ.എച്ച് അധികൃതർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. മനു റോയി ഹാജരായി.