ചോറ്റാനിക്കര: കുരീക്കാട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. വാഹനത്തിരക്കേറിയ കുരീക്കാട്- ചോറ്റാനിക്കര റോഡിൽ റെയിൽവേ ഗേറ്റിനു മുകളിലൂടെ പാലം വേണമെന്നത് പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ്. ഈ ഭാഗത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റെയിൽവേ മേൽപ്പാലം മാത്രമാണ് പോംവഴി. മേൽപ്പാലം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുടെ മുന്നോടിയായി സർവേ ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ കളക്ടർക്ക് അനുമതി നൽകിയിരുന്നു. മുളന്തുരുത്തി, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കുരീക്കാട് മേൽപ്പാലത്തിന് തുക വകയിരുത്തി രണ്ടുവർഷം പിന്നിടുമ്പോഴാണ് സ്ഥലം ഏറ്റെടുക്കൽ അനുമതി ലഭിക്കുന്നത്. മേൽപ്പാലം നിർമ്മാണത്തിന് കുരീക്കാട് വില്ലേജിൽ 1.9 3 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നടപടികൾ വേഗത്തിലാക്കി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന് ജനങ്ങളുടെ ആവശ്യം ശക്തമാകുമ്പോഴും, ഉദ്യോഗസ്ഥർ ഇപ്പോഴും അലസത വെടിഞ്ഞിട്ടില്ല.
റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് നടപടിക്രമങ്ങൾ പൂർത്തിയായി 2020 ജൂണിൽ ചേർന്ന യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 36.89 കോടി നീക്കിവെച്ചിരുന്നു. പാലത്തിന്റെ അലൈൻമെന്റ് ഏറ്റെടുത്തത് അല്ലാതെ പിന്നീട് തുടർനടപടികളുണ്ടായില്ല. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് എം.എൽ.എ അടക്കം പദ്ധതിക്കായി സമ്മർദ്ദം ചെലുത്തിയെങ്കിലും മേൽപ്പാല നിർമ്മാണം ഇപ്പോഴും കടലാസിലൊതുങ്ങുന്നു.