
ആലുവ: കൊച്ചിൻ ബാങ്ക്-മെഡിക്കൽ കോളേജ് റോഡിനെ നെടുകെ പിളർത്തുന്ന കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കെതിരെയും പെരിയാറിലെ ജലം കോർപ്പറേറ്റുകൾക്ക് വിൽക്കുന്നതിനുമെതിരെയും കോൺഗ്രസ് എത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കിഴക്കൻ മേഖലയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന തിരക്കേറിയ റോഡിലുംമെഡിക്കൽ കോളേജ്, കാക്കനാട് വ്യവസായമേഖല, ഇൻഫോപാർക്കിലേക്കുമുള്ള പ്രധാനപാതയിലുമൂടെ പദ്ധതി നടപ്പായാൽ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
ഈ റോഡിലുള്ള ഗോഡൗണുകളും കമ്പനികളും കച്ചവടസ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും. ഇത് സാമ്പത്തി തകർച്ചയ്ക്ക് വഴിവയ്ക്കും. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പടും. ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കണമെന്നും തകർന്ന് തരിപ്പണമായ റോഡ് അടിയന്തരമായി ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, നേതാക്കളായ കെ.എം. കുഞ്ഞുമോൻ, പി.എ. മുജീബ്, സി.യു. യൂസഫ്, എ.എ. മാഹിൻ, വി.എ. സിയാദ്, നൗഷാദ് കൊടികുത്തിമല, മുംതാസ്, സാജിദ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.