
കൊച്ചി: കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് മതിയായ സൗകര്യങ്ങളില്ലാതെ പുതിയ കോളേജ് തുടങ്ങാൻ അനുമതി നൽകുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാലാ വി.സി അധികാര പരിധി മറി കടന്നെന്ന് ഹൈക്കോടതി. കോളേജ് തുടങ്ങാൻ സർക്കാർ നൽകിയ ഭരണാനുമതിയും, സർവകലാശാല പുതിയ കോളേജിനുള്ള അപേക്ഷയിൽ സ്വീകരിച്ച നടപടികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി.
മതിയായ ഭൂമിയില്ലാതിരുന്നിട്ടും ടി.കെ.സി ട്രസ്റ്റിന് പുതിയ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ അനുമതി നൽകുന്നതിനെതിരെ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജി അനുവദിച്ചാണ് സിംഗിൾ ബെഞ്ചിന്റെ വിധി. പുതിയ കോളേജിന് നൽകിയ അപേക്ഷ സർവകലാശാലാ നിയമങ്ങളനുസരിച്ച് വീണ്ടും പരിഗണിച്ച് നിയമപരമായി തീരുമാനമെടുക്കാനും ഉത്തരവിൽ പറയുന്നു.
അനുമതി നടപടികളുമായി വി.സി മുന്നോട്ടു പോയത് തെറ്റാണെന്നും, കൂടുതൽ ഭൂമി ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കോളേജ് നൽകിയ കത്തു പരിഗണിക്കരുതായിരുന്നെന്നും ഉത്തരവിൽ പറയുന്നു. അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും ടി.കെ.സി ട്രസ്റ്റിന്റെ അപേക്ഷ തിരക്കിട്ടു പരിഗണിച്ചു. ഇതു സംബന്ധിച്ച് വി.സി നൽകിയ കുറിപ്പുകളും, വി.സിയുടെ നിർദ്ദേശ പ്രകാരം നിയോഗിച്ച ഇൻസ്പെക്ഷൻ ടീമിന്റെ റിപ്പോർട്ടും കോടതി റദ്ദാക്കി.