1
മുലായം സിംഗുമൊത്ത് റിഫാസ് (ഫയൽ ചിത്രം)

മട്ടാഞ്ചേരി: മുലായം സിംഗ് യാദവ് സമ്മാനിച്ച സൈക്കിൾ മട്ടാഞ്ചേരി സ്വദേശിയായ റിഫാസ് റഫീഖിന് നിധിയാണ്. അതിപ്പോഴും വീട്ടിൽ കാത്തുസൂക്ഷിക്കുകയാണ് റിഫാസ്.

ഉത്തർപ്രദേശിലെ ഇറ്റാവയിൽ 2003 ജനുവരിയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ എത്തിയതായിരുന്നു റിഫാസ്. മത്സരം ഉദ്ഘാടനം ചെയ്യുന്നത് ഗുസ്തിക്കാരൻ കൂടിയായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ്. ഉദ്ഘാടന മത്സരത്തിൽ ഉത്തർപ്രദേശ് വിദ്യാർത്ഥിയുടെ ഗുസ്തിയായിരുന്നു സംഘാടകർ നിശ്ചയിച്ചത്. മുഖ്യമന്ത്രിക്ക് മുന്നിൽ ഗുസ്തിയിലെ മേൽക്കോയ്മ തെളിയിക്കാൻ വടക്കേ ഇന്ത്യൻ താരങ്ങളെ അപേക്ഷിച്ച് താരതമേന്യ ഗുസ്തിയിൽ പിന്നോക്കം നിൽക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിയെ എതിരാളിയുമാക്കി. അങ്ങനെ റിഫാസ് റഫീഖ് ആദ്യ മത്സരത്തിൽ ഗോദയിലിറങ്ങി. പക്ഷേ സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു റിഫാസിന്റെ പ്രകടനം. തുടക്കം മുതൽ റിഫാസ് യു.പിക്കാരനായ പ്രതിയോഗിക്കെതിരെ തുടരെ പോയിന്റുകൾ നേടി മുന്നേറി. കാണികൾ നിശബ്ദരായി. മുലായം സിംഗും ആശ്ചര്യഭരിതനായി. ആദ്യ മത്സരത്തിൽ തന്നെ ആതിഥേയർ പരാജിതരാകുമോയെന്ന ഭീതിയിലായി സംഘാടകരും കാണികളും. റിഫാസ് മുന്നിട്ടുനിന്നതോടെ സ്റ്റേഡിയം മുഴുക്കെ നാട്ടുകാരനായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള ആരവം ഉയർന്നു. പക്ഷേ, ഗോദയിലെ ട്വിസ്റ്റ് അവിടെ തീർന്നില്ല. വിജയം ഏതാണ്ട് സുനിശ്ചിതമായിരിക്കെ, മത്സരം അവസാനിക്കാൻ 10 സെക്കൻഡുകൾ മാത്രം അവശേഷിക്കെ യു.പി വിദ്യാർത്ഥി റിഫാസിനെ മലർത്തിയടിച്ചു. അതോടെ സംഘാടകർക്ക് ശ്വാസം നേരെ വീണു. ഏതായാലും റിഫാസിന്റെ പ്രകടനം മുലായം സിംഗ് യാദവിന് ഏറെ ഇഷ്ടപ്പെട്ടു. മടങ്ങും മുൻപ് അദ്ദേഹം റിഫാസിനെ സ്റ്റേജിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ഒപ്പം റിഫാസിന് ഒരു സൈക്കിളും വാഗ്ദാനം ചെയ്തു. അര മണിക്കൂറോളം ഗുസ്തി മത്സരം കണ്ട ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജ് വിട്ടത്. ആ സമയം ഒരു പ്രഖ്യാപനവും കൂടി നടത്തി, മത്സരത്തിൽ പങ്കെടുത്ത എല്ലാ ഗുസ്തിക്കാരുടെ വീടുകളിലും സൈക്കിളുകൾ എത്തുമെന്ന്. ഒരാഴ്ചക്കുള്ളിൽ റിഫാസിന്റെ വീട്ടിൽ മുലായത്തിന്റെ വക സൈക്കിളെത്തി. മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം.സലീമിന്റെ കീഴിലാണ് റിഫാസ് ഗുസ്തി പഠിച്ചത്. മുലായം സിംഗിന്റെ നിര്യാണം മനസിനെ ഏറെ വേദനിപ്പിച്ചുവെന്ന് ഒമാനിലെ മസ്കറ്റിൽ കഴിയുന്ന റിഫാസ് പറഞ്ഞു.