
കൊച്ചി/കളമശേരി: ദിവസങ്ങൾ മാത്രം നീണ്ട തെരുവുനായ വന്ധ്യംകരണ 'കോലാഹലം' കടലാസിലൊതുങ്ങിയതിനു പിന്നാലെ തെരുവുവാണും കടി തുടർന്നും നായ്ക്കൂട്ടം... കളമശേരി പൈപ്പ് ലൈൻ റോഡ്, തൃക്കാക്കര അമ്പലം വാർഡ് പ്രദേശങ്ങളിൽ ഇന്നലെ പ്രഭാത സവാരിക്കിറങ്ങിയ 15പേർക്ക് തെരുവ് നായയുടെ കടിയേറ്റു. രാവിലെ അഞ്ചിനും ആറിനും ഇടയ്ക്കുള്ള സമയത്താണ് സംഭവം. കടിയേറ്റവരിൽ ആറുപേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കടിയേറ്റ് ശങ്കർ ശർമ്മ എന്നയാളുടെ കൈവിരലിൽ നിന്ന് നഖം വേർപെട്ടു. മനോജ് (51) ,ശാന്തകുമാർ, ശങ്കർ ശർമ്മ (70), മുരുകൻ (50), അബ്ദുൾ കരീം (60), ജൂബി ആന്റണി (54) എന്നിവരാണ് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പേ പിടിച്ച തെരുവ് നായയാണിതെന്നും ഒരു നായയാണ് എല്ലാവരേയും കടിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിയും നായയെ കണ്ടെത്താനായില്ല.
നോർത്ത് കളമശേരി, സെന്റ് പയസ്‌ടെൻത് പള്ളി ജംഗ്ഷൻ, ഗ്ലാസ് ഫാക്ടറി കോളനി എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.
കൊച്ചി കോർപ്പറേഷൻ പരിസരങ്ങളിലും ശല്യം
കൊച്ചി കോർപ്പറേഷൻ പരിധിയിലെ കലൂർ സ്റ്റേഡിയം ജംഗ്ഷൻ, തമ്മനം, കുത്താപ്പാടി, പൊന്നുരുന്നി, നഗരത്തിലെ ഗാന്ധഗിനഗർ, എസ്.ആർ.വി ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.
സർക്കാർ ഉത്തരവ് കാറ്റിൽപ്പറന്നു
തെരുവുനായ ശല്യം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ (എ.ബി.സി) മേൽനോട്ട ചുമതല ആഗസ്റ്റിൽ ജില്ലാ പഞ്ചായത്തുകൾക്ക് നൽകിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിനാവശ്യമായ പണം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തിന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ 1,500 രൂപയാണ് ചെലവ്. വന്ധ്യംകരണത്തിന് ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേഷൻ കെയർ യൂണിറ്റ്, സ്റ്റോർ, സി.സി.ടി.വി, എയർ കണ്ടിഷണർ, അടുക്കള, ഷെൽറ്റർ സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ജില്ലയിൽ ഇതൊന്നും പൂർണതോതിൽ ഒരിടത്തും നടപ്പായില്ല.
ടീം എ.ബി.സി
എ.ബി.സി പ്രോഗ്രാം നടപ്പാക്കാൻ ഒരു വെറ്ററിനറി ഡോക്ടർ, നാല് മൃഗപരിപാലകർ, ഒരു തിയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായ പിടിത്തക്കാർ എന്നിവരെ ആറു മാസത്തേക്ക് നിയമിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
തദ്ദേശ സ്ഥാപനങ്ങൾ നായപിടുത്തത്തിന് ഒന്നും ചെയ്യുന്നില്ല. ഓരോ ദിവസവും നായകളുടെ ശല്യം കൂടിക്കൊണ്ടിരിക്കുകയാണ്
ജോസ്
കളമശേരി
കളമശേരി നഗരസഭയിലെ തെരുവുനായകളെ വന്ധ്യം കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എ.കെ. നിഷാദ്
ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി
കളമശേരി നഗരസഭ