
കാലടി: കാലടി പഞ്ചായത്തിലെ മറ്റൂർ, കാലടി പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ ദുരിതത്തിലായ ജനങ്ങൾ സി.പി.എം കാലടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശങ്കര കോളേജ് റോഡ് ഉപരോധിച്ചു. അങ്കമാലി ഏരിയകമ്മിറ്റി അംഗം എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞപ്പൻ അദ്ധ്യക്ഷനായി.
ഒരു മാസത്തിലധികമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ടെന്ന് ജനങ്ങൾ പറയുന്നു. വാട്ടർ അതോറിറ്റിയിൽ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. റോഡുകൾ കുത്തി പൊളിച്ചിരിക്കുന്നതാണ് പ്രശ്നം. വാഹന യാത്രികരും കാൽനടയാത്രക്കാരും കോളേജ് വിദ്യാർത്ഥികളും അപകടങ്ങളിൽ പെടുന്നുമുണ്ട്.
പ്രശ്നം ബന്ധപ്പെട്ടവർ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. ഉപരോധ സമരത്തിൽ ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, അഡ്വ.എം.വി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി.വി സജേഷ്, സരിത ബൈജു എന്നിവർ സംസാരിച്ചു.