
കൊച്ചി: പെരുമ്പാവൂർ ചെമ്പറക്കിയിൽ വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ കുടുങ്ങിയ മുഹമ്മദ് ഷാഫി, ജാമ്യത്തിലിറങ്ങി ഒരുവർഷം മുമ്പാണ് എറണാകുളത്ത് എത്തിയത്. ഗാന്ധിനഗറിലെ ജി.സി.ഡി.എ ഹൗസിംഗ് കോളനിയിലായിരുന്നു കുടുംബസമേതം താമസം. ഷേണായീസ് റോഡിലെ വാടകക്കെട്ടിടത്തിലെ കഞ്ഞിക്കടയായിരുന്നു ഉപജീവനമാർഗം. രാവിലെ ഭാര്യയെയും മകളെയും ജീപ്പിൽകയറ്റി കടയിലെത്തിച്ച് മുങ്ങും. അവരാണ് കട നോക്കി നടത്തിയിരുന്നത്. എന്നാൽ, പിന്നീട് മിന്നൽ വേഗത്തിലായിരുന്നു ഇയാളുടെ വളർച്ച. മൂന്നു മാസം കഴിഞ്ഞപ്പോൾ തൊട്ടടുത്ത കട വാടകയ്ക്കെടുത്ത് 'അധീൻസ്' എന്ന പേരിൽ ഹോട്ടലാക്കി.
സമീപത്തെ കടയുടമയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികരിക്കാൻ വ്യാപാരി തയ്യാറായില്ല. മദ്യലഹരിയിലായിരുന്നു മർദ്ദിച്ചതെന്നും പിറ്റേന്ന് ക്ഷമ ചോദിച്ച് കരഞ്ഞതിനാൽ കേസുകൊടുത്തില്ലെന്നുമാണ് വിവരം. മദ്യപിച്ച് പതിവായി ബഹളമുണ്ടാക്കിയിരുന്ന ഷാഫിയുമായി അയൽവാസികൾ അടുപ്പം പുലർത്തിയിരുന്നില്ല. പ്രശ്നങ്ങളും ഉണ്ടാക്കും. ഇക്കാരണത്താൽ ആദ്യ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. വഴക്കാളിയായതിനാൽ ഇയാളുമായി ആരും അടുത്തിടപഴകിയിരുന്നില്ലെന്ന് സി.പി.എം ഗാന്ധിനഗർ ഏരിയ കമ്മിറ്റി അംഗം വിജയകുമാർ പറഞ്ഞു.
കൊല്ലപ്പെട്ട പദ്മം ഉൾപ്പെടെ തമിഴ്നാട് സ്വദേശികളായ ലോട്ടറി വില്പനക്കാരികൾ ഒത്തുചേർന്നിരുന്ന ചിറ്റൂർ റോഡിലെ ലോട്ടറി തട്ടിലേക്ക് ഷാഫിയുടെ ഹോട്ടലിൽ നിന്ന് അഞ്ച് മിനിട്ട് ദൂരമേയുള്ളൂ. പലരും ഷാഫിയുടെ കടയിൽ നിന്ന് ഭക്ഷണവും കഴിച്ചിരുന്നു. ഇങ്ങനെയാണ് ഇവരുമായി പരിചയത്തിലായതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ ഹോട്ടൽ പൊലീസ് സീൽചെയ്തു.
വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച
കേസിലും ഷാഫി പ്രതി
ബാബു പി.ഗോപാൽ
കോലഞ്ചേരി: വൃദ്ധയെ മാരകമായി മുറിവേല്പിച്ച് പീഡിപ്പിച്ച കേസിൽ മുഹമ്മദ്
ഷാഫിയെ 2020ൽ പുത്തൻകുരിശ് പൊലീസ് പിടി കൂടിയിരുന്നു.
പീഡനത്തെ എതിർത്ത വൃദ്ധയുടെ മാറിടത്തിൽ നിന്ന് തുട വരെ കത്തി കൊണ്ട് വരഞ്ഞു. നെഞ്ചിലും അടിവയറ്റിലും ആഞ്ഞു ചവിട്ടി. മുറിയിൽ കത്തിച്ചു വച്ച മെഴുകുതിരി എടുത്ത് സ്വകാര്യ ഭാഗത്ത് സാരമായി പൊള്ളലേൽപ്പിച്ചു. കുടലിനും മൂത്രസഞ്ചിക്കും ആന്തരാവയവങ്ങൾക്കും പരിക്കേറ്റ വൃദ്ധയുടെ ജീവൻ രക്ഷപ്പെട്ടത് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയിലാണ്.
2020 ആഗസ്റ്റ് ഒന്നിന് ഷാഫിയുടെ സുഹൃത്തായ പാങ്കോട് ആശാരിമൂലയിൽ ഓമനയുടെ വീട്ടിലായിരുന്നു സംഭവം. ഈ വീട്ടിൽ ഇയാൾക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കാറുണ്ട്. പൂനെയിൽ നിന്ന് സവാള ലോഡുമായി എത്തുമ്പോൾ സ്ത്രീയെ ഏർപ്പാടാക്കി നൽകണമെന്ന് ഇയാൾ ഓമനയോടാവശ്യപ്പെട്ടിരുന്നു. ആരെയും കിട്ടാതെ വന്നപ്പോൾ മുന്നിൽ എത്തിപ്പെട്ട ഓർമ്മക്കുറവുള്ള വൃദ്ധയെ ഓമന പുകയില നൽകാമെന്ന് പറഞ്ഞ് ഷാഫിയുടെ മുന്നിലെത്തിച്ചു. മദ്യലഹരിയിൽ ഇയാൾ ഇവരെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. പുത്തൻകുരിശ് പൊലീസ് ചെമ്പറക്കിയിലെ വീടുവളഞ്ഞ് പിടി കൂടാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഷാഫി ശ്രമിച്ചു. സാഹസികമായാണ് അന്ന് ഡിവൈ.എസ്. പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കീഴ്പ്പെടുത്തിയത്.
ഷാഫി മറ്റൊരു സ്ത്രീയെ
ചവിട്ടിക്കൊന്നിട്ടുണ്ടെന്ന് സുഹൃത്ത്
സ്വന്തം ലേഖകൻ
കൊച്ചി: നരബലിക്കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി കളമശേരിയിലെ ഒരു സ്ത്രീയെ ചവിട്ടിക്കൊന്നിട്ടുണ്ടെന്ന് ഇയാളുടെ സുഹൃത്തും ഇടപ്പള്ളി സ്വദേശിയുമായ ഓട്ടോറിക്ഷാ ഡ്രൈവർ ബിലാൽ വെളിപ്പെടുത്തി. ഷാഫിക്ക് ലഹരിക്കച്ചവടമുണ്ടായിരുന്നു. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കൊച്ചിയിൽ എത്തിച്ചിരുന്നു. രാത്രിയായാൽ മൂക്കറ്രം മദ്യപിക്കും. ലഹരിമരുന്നുകളും ഉപയോഗിക്കും. ലഹരിയുടെ ഉന്മാദത്തിൽ തന്നെയാകും നരബലി നടത്തിയത്. തന്നെയും ഈ കേസിൽ കുടുക്കാൻ ശ്രമിച്ചു.
ബാറിൽ വച്ചാണ് ഷാഫിയെ പരിചയപ്പെടുന്നത്. പിന്നീട് വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാക്കി. ഈ സമയങ്ങളിലാണ് ബംഗളൂരൂ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽക്കുന്ന കാര്യം പറഞ്ഞത്. ഷേണായീസ് റോഡിലെ ഇയാളുടെ 'അധീൻസ്' ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. കൊല്ലപ്പെട്ട പദ്മയെ അറിയാം. പാവമായിരുന്നു. പ്രലോഭനത്തിൽ വീണുപോയിക്കാണും.
പദ്മയെ ഇലന്തൂരിലെത്തിച്ച സ്കോർപ്പിയോ താൻ വാടകയ്ക്ക് കൊണ്ടുപോയെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ഇതുകാരണം രണ്ടുദിവസം തനിക്ക് കടവന്ത്ര സ്റ്റേഷനിൽ പോയിരിക്കേണ്ട അവസ്ഥയുണ്ടായി. നിരപരാധിത്വം തെളിഞ്ഞതോടെ പൊലീസ് വിട്ടയച്ചുവെന്നും ബിലാൽ പറഞ്ഞു.