പറവൂർ: കാർഷിക മേഖലയിൽ പള്ളിയാക്കൽ സഹകരണബാങ്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നബാർഡ് സി.ജി.എം നിലയ് കപൂർ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് മാനേജർ അജീഷ് ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ബാങ്ക് പരിധിയിലെ പൊക്കാളി പാടശേഖരങ്ങൾ, പുതുതായി തുടങ്ങിയ പൊക്കാളി റൈസ്മിൽ, ഫാർമേഴ്സ് സെന്റർ, കാർഷിക സംഭരണ കേന്ദ്രം എന്നിവ സന്ദർശിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ സ്വാശ്രയ ഗ്രൂപ്പുകൾ നടത്തുന്ന പഴം, പച്ചക്കറി, മുട്ടക്കോഴി, ക്ഷീരം, മത്സ്യം എന്നിവയുടെ കൃഷിരീതികളും ചോദിച്ചറിഞ്ഞു. ബാങ്ക് പ്രസിഡന്റ്‌ എ.സി. ഷാൻ, ഭരണ സമിതി അംഗങ്ങളായ എം.പി. വിജയൻ, എ.ജെ. ജോയ്, പി.എസ്. ഷിനോജ്കുമാർ, എൽ.എസ്. ശുഭ, സെക്രട്ടറി വി.വി. സനിൽ എന്നിവരും സംബന്ധിച്ചു.