fasil

കൊച്ചി: ചേരാനല്ലൂർ ഗവ. എൽ.പി സ്കൂളിനു സമീപത്തെ തയ്യൽക്കടയിൽ കയറി സ്ത്രീയുടെ കഴുത്തിൽ നിന്ന് നാലര പവനോളം തൂക്കമുള്ള സ്വർണ്ണമാല കവർന്ന കേസിൽ കണ്ണൂർ തലശ്ശേരി കൂരാര സ്വദേശി ചാലിൽ വീട്ടിൽ ഫാസിലി (32)നെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് അഞ്ചിനായിരുന്നു സംഭംവം. ഒട്ടേറെ മോഷണകേസുകളിൽ പ്രതിയായ ഫാസിൽ അന്ന് ഉച്ചയോടെ കടവന്ത്ര കൺസ്യൂമർ ഫെഡിലെ ജീവനക്കാന്റെ സ്കൂട്ടർ സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷ്ടിച്ചിരുന്നു. തുടർന്ന് വാഹനവുമായി ചേരാനല്ലൂർ ഭാഗത്തേക്കു വരികയും ഹെൽമറ്റ് ധരിച്ച് തയ്യൽ കടയിൽ കയറി സ്ത്രീയുടെ മാല പറിച്ചെടുത്ത് ഇതേവാഹനത്തിൽ കടന്നുകളയുകയുമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലെ 240ൽ അധികം സി.സി.ടി.വി കാമറകൾ നിരീക്ഷിച്ച് മസങ്ങൾ നീണ്ട അന്വേഷണത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. കവർച്ച നടന്ന് രണ്ടു മാസങ്ങൾക്കുശേഷം മോഷണ വാഹനം കോഴിക്കോട് പയ്യോളി ഭാഗത്തു നിന്നും കവർച്ച നടത്തിയ മാല കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ജുവലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.