narabali

കൊച്ചി: ലോട്ടറി വില്പനക്കാരിയെ കാണാതായെന്ന പരാതിയാണ് സമൂഹത്തെ ഞെട്ടിച്ച നരബലിയിലേയ്ക്ക് അന്വേഷണം എത്തിച്ചത്. ഐ.ടി വിദഗ്ദ്ധരുടെ സഹായത്തോടെ മൊബൈൽ ഫോൺ പിന്തുടർന്ന് കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണം നിർണായകമായി.

കൊച്ചി നഗരത്തിൽ ലോട്ടറി വിൽക്കുന്ന പദ്മത്തെ സെപ്തംബർ 26 മുതൽ കാണാതായെന്ന് പരാതി നൽകിയത് മകൻ ശെൽവരാജാണ്. ദിവസവും ഫോണിൽ വിളിക്കുന്ന അമ്മയെ കിട്ടാതെ വന്നതോടെ, തമിഴ്നാട്ടിൽ നിന്ന് ശെൽവരാജ് കൊച്ചിയിലെത്തി. എളംകുളത്തെ ലൈൻകെട്ടിടത്തിലെ വാടക മുറി പരിശോധിച്ച

പൊലീസ്, ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫോണിൽ തുടർച്ചയായി വന്ന വിളികൾ പരിശോധിച്ചു. പദ്മത്തിന്റെ ഫോൺ ഇലന്തൂരിലെത്തിയത് വ്യക്തമായതോടെ, വിവരം തിരുവല്ല പൊലീസിന് കൈമാറി. പദ്മത്തിന്റെ ഫോണിലേക്കും പുറത്തേക്കും പോയ വിളികളിൽ നിന്നാണ് മുഹമ്മദ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഞായറാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് പദ്മത്തെയും കാലടി സ്വദേശിനി റോസിലിനെയും ആഭിചാര ക്രിയകളുടെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം വ്യക്തമായത്.