1

ഫോർട്ടുകൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫോർട്ടുകൊച്ചി പൊതുമരാമത്ത് ഓഫീസിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീവനക്കാരിയെ പൂട്ടിയിട്ടു. അസിസ്‌റ്റന്റ് എൻജിനിയറെ (എ.ഇ)​ ഉപരോധിക്കാനാണ് യൂത്ത് കോൺഗ്രസുകാർ വന്നത്.

ഒരു വനിതയുൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. എ.ഇ വരില്ലെന്ന് ഇവർ അറിയിച്ചതോടെ പ്രകോപിതരായ യൂത്ത് കോൺഗ്രസുകാർ ഓഫീസിൽകയറി അകത്തുനിന്ന് പൂട്ടുകയായിരുന്നു. ഈ സമയം ജീവനക്കാരൻ പുറത്തുപോയതിനാൽ ജീവനക്കാരി മാത്രമാണ് അകത്തുണ്ടായിരുന്നത്.

ഭയന്ന ജീവനക്കാരി ബഹളംവച്ചു. പുറത്തുള്ള ജീവനക്കാരൻ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. ഫോർട്ടുകൊച്ചി എസ്.ഐ സന്തോഷ് മോൻ എത്തി വാതിൽ ചവിട്ടിതുറന്നാണ് ജീവനക്കാരിയെ പുറത്തിറക്കിയത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കുമ്പളങ്ങി എടപ്പറമ്പിൽ വീട്ടിൽ ഷെബിൻ ജോർജ് (33), പനയപിള്ളി മണ്ഡലം പ്രസിഡന്റ് ഇടക്കൊച്ചി തെയ്യമ്മവിലയിൽ അഷ്ക്കർ ബാബു (37), കണ്ടക്കടവ് കുട്ടപ്പശേരി വീട്ടിൽ ജിനു വിൻസെന്റ് (26), കണ്ണമാലി കൈതവേലി വീട്ടിൽ നിക്സൻ (22),ഫോർട്ട്കൊച്ചി അമരാവതിയിൽ ആർ.ബഷീർ (36)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.