
തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ കുടിവെള്ള പദ്ധതി വിവാദത്തിൽ. ചട്ടവും വകുപ്പും നോക്കേണ്ട ചെയർപേഴ്സൺ സ്വന്തം വാർഡിലെ കുടിവെള്ള പദ്ധതിക്ക് മുൻകൂർ അനുമതി നൽകിയതാണ് വിവാദത്തിനിടയാക്കിയത്. നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിവാദ നടപടി.
കെന്നടിമുക്ക് വാർഡിലേക്കാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ ചട്ടങ്ങൾ മറികടന്ന കുടിവെള്ള പദ്ധതിക്കായി മുൻകൂർ അനുമതി നൽകിയത്. പൊതുഫണ്ടിൽ നിന്ന് ഏകദേശം എൺപതുലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് മുൻകൂർ അനുമതി വേണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ നൗഷാദ് പല്ലച്ചി ആവശ്യം ഉന്നയിച്ചിരുന്നു. നഗരസഭയിൽ ഇനി ഒരു മുൻകൂർ അനുമതിയും നൽകാൻ പാടില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമിറെജിയും മറ്റു ചില സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും നിലപാടെടുത്തതിനെ തുടർന്ന് വാക്കു തർക്കവുമുണ്ടായി. പിന്നാലെയാണ് ചെയർപേഴ്സന്റെ വിവാദ നടപടി. നടപടിക്രമങ്ങൾ പാലിക്കാതെയും വേണ്ട അനുമതികൾ നേടിയെടുക്കാതെയുമാണ് ചെയർപേഴ്സൺ സ്വന്തം വാർഡിലെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതെന്ന് കൗൺസിലർമാർ ആരോപിക്കുന്നു.