
കൊച്ചി: നരബലിക്കു ശേഷം പദ്മത്തിന്റെയും റോസ്‌ലിയുടേയും രക്തം താലത്തിലാക്കി പ്രതികൾ സമീപത്തെ കാവിൽ പൂജയ്ക്കു വച്ചതായി വിവരം. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പ്രലോഭനങ്ങളിൽ മയങ്ങിയ ഭഗവൽ സിംഗും ഭാര്യ ലൈലയും ഇയാൾക്കൊപ്പം ചേർന്ന് വാക്കത്തിയും കറിക്കത്തിയും ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ചത്. സമീപത്തെ പറമ്പിൽ നേരത്തെയെടുത്ത കുഴിയിൽ ശരീരഭാഗങ്ങൾ നിക്ഷേപിച്ച ശേഷമായിരുന്നു രക്തനിവേദ്യം.
ഷൂട്ടിംഗാണെന്ന് വിശ്വസിപ്പിച്ച് കട്ടിലിൽ കെട്ടിയിടുകയാണ് ആദ്യം ചെയ്തത്. പിന്നീട് മൂവരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഒലിച്ചിറങ്ങിയ രക്തം ശേഖരിച്ചാണ് ആരാധനാ മൂർത്തിക്ക് രക്തനിവേദ്യം അർപ്പിച്ചത്. മാറിടങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് മറ്റ് ശരീരഭാഗങ്ങൾ കഷണങ്ങളാക്കിയത്. ഈ സമയം പ്രതികൾ ലഹരിയൊന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
പന്നിയെ പിടികൂടാനാണെന്ന് ജോലിക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പറമ്പിൽ വലിയകുഴി ഉണ്ടാക്കിയത്. മൃതദേഹ ഭാഗങ്ങൾ ആഴമുള്ള ഈ കുഴിയിലിട്ട് മൂടുകയായിരുന്നു.
 ഉഴിച്ചിലിൽ ഉദിച്ച തന്ത്രം
ഏതാനും മാസം മുമ്പ് മുഹമ്മദ് ഷാഫി ഉഴിച്ചിലിനായി ഭഗവൽ സിംഗിന്റെ വീട്ടിൽ പോയിരുന്നു. അന്ന് വൈദ്യനുമായുള്ള ആശയവിനിമയത്തിൽ ഇയാളെ മന്ത്രവാദത്തിൽ കുടുക്കാനാകുമെന്ന് ഷാഫി തിരിച്ചറിഞ്ഞു. പിന്നീട് വ്യാജ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് വശത്താക്കിയത്. ഭഗവൽ സിംഗിന് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിച്ചു. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഭഗവൽ സിംഗിന്റെ ഭാര്യയെ ഷാഫി പീഡിപ്പിച്ചതായും സൂചനയുണ്ട്.
 സ്ത്രീകളെ തേടി രണ്ട് മാസം
കാണാതായാലും അന്വേഷിച്ചുവരാൻ ആരുമില്ലാത്ത സ്ത്രീകളെ തേടി രണ്ടുമാസത്തോളം അലഞ്ഞാണ് ഇരകളെ ഷാഫി കണ്ടെത്തിയത്. പല സ്ത്രീകളെയും സമീപിച്ചിരുന്നു.സ്വന്തം സ്കോർപ്പിയോയിലാണ് പദ്മത്തെയും റോസ്‌ലിയെയും ഇലന്തൂരിലെത്തിച്ചത്. സ്കോർപ്പിയോയുടെ ദൃശ്യവും ഫോൺ ടവർ ലൊക്കേഷനും ഷാഫിയെ കുടുക്കി.