ksrtc
ആലുവ ഗാരേജ് കവലയിലെ കെ.എസ്.ആർ.ടി.സി ഫീഡർ സ്റ്റേഷൻ പൂട്ടിയ നിലയിൽ

ആലുവ: കെ.എസ്.ആർ.ടി.സിയുടെ കെ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ യാത്രക്കാരുടെ സൗകര്യാർത്ഥം ആരംഭിച്ച ഫീഡർ ബസ് സ്റ്റേഷനുകൻ പതിവുപോലെ കെ.എസ്.ആർ.ടി.സിക്ക് ബാദ്ധ്യതയായി. പലയിടത്തും ഫീ‌ഡർ സ്റ്റേഷനുകൾ ഭാഗി​കമായാണ് പ്രവർത്തിക്കുന്നത്. ഇവ പൂർണമായും പിൻവലിക്കാനുള്ള ആലോചനയിലാണ് അധികൃതർ.

കഴിഞ്ഞ ഏപ്രിലിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതോടെയാണ് ദേശീയപാതയ്ക്ക് അരികിൽ സ്റ്റാന്റ് ഇല്ലാത്ത സ്ഥലങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ ആരംഭിച്ചത്. സ്വിഫ്റ്റ് ബസ് യാത്രക്കാരുടെ വിശ്രമകേന്ദ്രമായാണ് സ്ഥാപിച്ചത്. സ്റ്റാന്റിൽ നിന്നും സ്വിഫ്റ്റ് ബസ് നിർത്തുന്ന സ്റ്റോപ്പിലേക്ക് യാത്രക്കാരെ ഫീഡർ ബസുകളിൽ കൊണ്ടുവരും. തുടർന്ന് യാത്രക്കാർക്ക് ഫീഡർ സ്റ്റേഷനിൽ കാത്തിരിക്കാം. അതുപോലെ സ്വിഫ്റ്റ് ബസിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും ഫീഡർ സ്റ്റേഷനിൽ കാത്തിരിക്കാം. പഴയ ജൻറം ബസാണ് ഫീഡർ സ്റ്റേഷനാക്കിയത്. സ്റ്റേഷനുകളിൽ രാവും പകലും ജീവനക്കാരെയും നിയോഗി​ച്ചു. വെട്ടവും വെളിച്ചവുമെത്തിച്ചു. പക്ഷെ എല്ലാം വെറുതെയായ അവസ്ഥയാണിപ്പോൾ.

ആലുവയിൽ രണ്ടിടത്ത് ഫീഡർ സ്റ്റേഷൻ

ആലുവയിൽ രണ്ടിടത്താണ് ഫീഡർ സ്റ്റേഷൻ ആരംഭിച്ചത്. ആലുവ ബൈപ്പാസിലും കെ.എസ്.ആർ.ടി.സി ഗാരേജിന് മുമ്പിലും. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഒരാൾപോലും ഗാരേജ് ഭാഗത്ത് നിന്നും ഫീഡർ സ്റ്റേഷന്റെ സേവനം ഉപയോഗിച്ചിട്ടില്ല. രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ജീവനക്കാരനെ പിൻവലിച്ചിരുന്നു. ഇപ്പോൾ ഫീഡർ സ്റ്റേഷൻ ഇവിടെ നോക്കുകുത്തിയാണ്. വള്ളിപ്പടർപ്പുകൾ ബസിന്റെ ചവിട്ടുപടിയിൽ വരെയെത്തി. നേരത്തെ വളർന്നത് വെട്ടിനീക്കിയിരുന്നു. ആലുവ ബൈപ്പാസിലും സ്ഥിതിക്ക് മാറ്റമില്ല. അവിടെ ഇപ്പോൾ രാത്രി മാത്രം ഒരാളുണ്ട്. അതും ഉടൻ പിൻവലിക്കാനാണ് സാദ്ധ്യത.

യാത്രക്കാർക്ക് ഫീഡർ വേണ്ട

യാത്രക്കാരൊന്നും ഫീഡർ സ്റ്റേഷന്റെ സേവനം ഉപയോഗിക്കുന്നില്ല. ബൈപ്പാസിൽ ഇറങ്ങുന്നവർ ഫീ‌‌ഡർ ബസ് കാത്ത് സമയം കളയാതെ ഓട്ടോറിക്ഷയിലും മറ്റും ലക്ഷ്യസ്ഥാനത്തെത്തും.

ബംഗളൂരുവിൽ നിന്നോ തിരുവനന്തപുരത്ത് നിന്നോ മറ്റും ആലുവ സ്റ്റാന്റിലേക്ക് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ ഫീഡർ ബസിൽ സൗജന്യമായി സ്റ്റാന്റിലെത്തിക്കുകയായിരുന്നു ലക്ഷ്യം. സ്വിഫ്റ്റ് ബസുകൾ തന്നെ നിരത്തിൽ കുറഞ്ഞ അവസ്ഥയാണ്. പിന്തെന്തിന് ഫീഡർ ബസുകളെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.