പറവൂർ: കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ തുടർക്കഥയാകുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരും പൊതുജനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മാധ്യമ - പരിസ്ഥിതി പ്രവർത്തക എം. സുചിത്ര പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പറവൂർ പ്രസ് ക്ലബിന്റെ സഹകരണത്തോടെ ജനപ്രതിനിധികൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമായി നടത്തിയ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. 2015 ന് ശേഷമാണ് കേരളം പ്രകൃതിദുരന്ത ബാധിത മേഖലയായി കാണപ്പെട്ടത്. 2016ൽ വൻവരൾച്ച അനുഭവപ്പെട്ടു. 2018, 2019 വർഷങ്ങളിൽ പ്രളയമുണ്ടായി. 2020ൽ തീരദേശ മേഖലയിൽ കടൽക്ഷോഭമുണ്ടായി. അതേ സമയം തന്നെ പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പശ്ചിമഘട്ടത്തിലെ കാലാവസ്ഥാ വ്യതിയാനവും അറബിക്കടലിന്റെ സ്വഭാവമാറ്റവും ഒരിടത്തും ചർച്ച പോലുമായില്ലെന്ന് സുചിത്ര പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. നസീർ അദ്ധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. വേലിയേറ്റ വെള്ളപ്പൊക്കം രേഖപ്പെടുത്താനുള്ള കലണ്ടർ ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ പ്രകാശനം ചെയ്തു. എക്യൂനോക്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. ജയരാമൻ, ഡോ. സി.ജി. മധുസൂദനൻ, എം.പി. ഷാജൻ തുടങ്ങിയവർ സംസാരിച്ചു.