
തൃക്കാക്കര: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലെ തകരാർ പരിഹരിക്കാനാകാത്തതുമൂലം എറണാകുളം ആർ.ടി.ഓഫീസിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. വാഹനങ്ങളുടെ പേരുമാറ്റൽ, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയ അപേക്ഷകളാണ് തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത്. ഇന്നലെ രാവിലെ ഒരുമണിക്കൂർ മാത്രമാണ് പരിവാഹൻ വെബ്സൈറ്റ് പ്രവർത്തിച്ചത്. പിന്നീട് വീണ്ടും തടസപ്പെട്ടു. സൈറ്റിലെ തകരാർ മൂലം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷകളിൽ തീരുമാനമെടുക്കാനാകാതെ നട്ടംതിരിയുകയാണ്. വാഹനങ്ങളുടെ പേരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഒരുദിവസം മുന്നൂറ് മുതൽ അഞ്ഞൂറ് അപേക്ഷകൾ വരെ ലഭിക്കുന്നുണ്ട്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർവെർ പ്രശ്നം മൂലംഒരാഴ്ചവരെ നീണ്ടുപോകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് പ്രവർത്തനം അവതാളത്തിലാണ്.