തൃക്കാക്കര: വെണ്ണലയിൽ വിഭാവനം ചെയ്യുന്ന സ്വകാര്യ സ്പോർട്സ് സിറ്റി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടത്താൻ കളക്ടർ ഡോ.രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലെ ഭൂമിയിൽ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ സംഘം പരിശോധിക്കും.
2000 കോടി രൂപ മുതൽ മുടക്കിൽ 50 ഏക്കർ സ്ഥലത്താണ് സ്പോർട്സ് സിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ആശുപത്രി, ഹെൽത്ത് ക്ലബ് ആൻഡ് സ്പാ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും പദ്ധതി നടത്തിപ്പ്. എം.പി, എം.എൽ.എ, മേയർ, സ്ഥലം കൗൺസിലർ, ജി.സി.ഡി.എ പ്രതിനിധികൾ എന്നിവർക്കു പുറമെ തഹസിൽദാർ, സർവേ ഉദ്യോഗസ്ഥർ, ജലസേചനം, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്തമായി സ്ഥലം സന്ദർശിക്കും.യോഗത്തിൽ ഉമ തോമസ് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, സെക്രട്ടറി അബ്ദുൾ മാലിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സ്പോർസ് സിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.