 
പറവൂർ: പ്രവർത്തനം നിലച്ച പറവൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ യൂണിറ്റ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ ട്രാഫിക് സംവിധാനം കൂടുതൽ കാര്യക്ഷമാക്കുന്നതിനായി ആവശ്യമായ സർക്കാർ സഹായം തേടാനും യോഗം തീരുമാനിച്ചു.
മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുള്ള അനധികൃത പാർക്കിംഗ്, വഴിയോരകച്ചവടം എന്നിവ നിയന്ത്രിക്കും. വാഹനങ്ങളുടെ പാർക്കിംഗിനായി സ്വകാര്യ ബസ്റ്റാന്റിന്റെ പുറിലുള്ള സ്ഥലം ഉപയോഗപ്പെടുത്തും. പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ റോഡ് സുരക്ഷ സംവിധാനങ്ങളും യാത്രനിർദ്ദേശങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തിയാക്കും. നഗരത്തിലെത്തുന്ന സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റാൻഡിൽ പ്രവേശിക്കണം. സ്വകാര്യ ബസ്സുകളുടെ പഞ്ചിംഗ് സംവിധാനം ഒരുക്കും. നവംബർ മാസം ഒന്ന് മുതൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ യോഗം തിരുമാനിച്ചു.