1
പള്ളുരുത്തിയിൽ എത്തിയ സംഘം

പള്ളുരുത്തി: പരിസ്ഥിതി സന്ദേശവുമായി മൂന്നംഗ സൈക്കിൾ യാത്രിക സംഘം പള്ളുരുത്തിയിലെത്തി. അഖില ഭാരതീയ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡ് സ്വദേശി സ്വാമി കൃപാനന്ദ, ഉത്തർപ്രദേശുകാരായ റോബിൻ സിംഗ്, ശിവ എന്നിവരാണ് എത്തിയത്.

പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പ്രകൃതി സ്നേഹികൾ യാത്ര സംഘത്തിന് സ്വീകരണം നൽകി. കഴിഞ്ഞ 5 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പ്രതിദിനം 30-40 കിലോമീറ്റർ ദൂരം സഞ്ചരിക്കും. രണ്ടര വർഷം കൊണ്ട് 729 ജില്ലകൾ കടന്ന് മദ്ധ്യപ്രദേശിൽ യാത്ര അവസാനിപ്പിക്കുമെന്ന് സംഘാംഗം റോബിൻ സിംഗ് പറഞ്ഞു. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് താമസം. ഇന്ന് വൈകിട്ട് എറണാകുളം ജില്ലയിലെ പര്യടനം സംഘം പൂർത്തിയാക്കും. പര്യാവരൺ പ്രാന്തീയ സഹ സംയോജകൻ രാജേഷ് ചന്ദ്രൻ, പരിസ്ഥി പ്രവർത്തകൻ പി.ആർ.അജാമളൻ, സാമൂഹിക സമരസതാ സംയോജക് വി.ആർ.സാജൻ, ബി.ജെ.പി പള്ളുരുത്തി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.റോഷൻ കുമാർ, കെ.എൻ.ഉദയകുമാർ എന്നിവർ യാത്രാസംഘത്തെ സ്വീകരിക്കാനെത്തി.