
മട്ടാഞ്ചേരി: അധികൃതരുടെ അനാസ്ഥയെ തുടർന്ന് മൂന്ന് ലക്ഷത്തോളം പാക്കറ്റ് (ഒരു കിലോ) റേഷൻ ആട്ട ഉപയോഗശൂന്യമായി. കാലാവധി കഴിഞ്ഞതോടെയാണിത്. റേഷൻ കടകൾ വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഏപ്രിൽ, മേയ്, ജൂൺ വിതരണം ചെയ്യേണ്ട ആട്ടയാണിത്.
സംസ്ഥാനത്തെ വിവിധ ജില്ലാ സപ്ലൈ കോ ഗോഡൗണുകളിലായി 2,31,500 ഓളം പാക്കറ്റുകളും റേഷൻ കടകളിൽ 70,000ഓളം പാക്കറ്റുകളുമുള്ളതായാണ് കണക്ക്. ഉപയോഗശൂന്യമായ ആട്ട കാലിത്തീറ്റ ഉത്പാദിപ്പിക്കാനായി മിൽമയ്ക്ക് കൈമാറാനുള്ള നടപടികളിലാണ് പൊതുവിതരണവകുപ്പ്.
എട്ട് രൂപ നിരക്കിൽ മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകാർക്കും ആറ് രൂപയ്ക്ക് എ.എ.വൈ വിഭാഗത്തിലെ മഞ്ഞ കാർഡുകാർക്കുമാണ് സബ്സിഡി നിരക്കിൽ ഒരു പാക്കറ്റ് ആട്ട വീതം നൽകിയിരുന്നത്. ആട്ട പാക്കറ്റ് എത്തിയതോടെ കാർഡുകാർക്ക് ലഭിക്കേണ്ട ഗോതമ്പ് തോത് കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആട്ട വിതരണം നിലച്ചെങ്കിലും ഗോതമ്പിന്റെ പഴയ അളവ് പുന:സ്ഥാപിച്ചില്ല.റേഷൻ കടകൾ വഴി നല്കിയിരുന്ന 17 രൂപ നിരക്കിലെ ആട്ടവിതരണം ജൂൺ മുതൽ നിർത്തലാക്കിയിരുന്നു. കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ മടക്കിയെടുക്കേണ്ടന്നുള്ള നിലപാടിലായിരുന്നു ആദ്യം സപ്ലെെകോ.
കമ്മിഷൻ വൈകുന്നു
സെപ്തംബറിലെ കമ്മിഷൻ കിട്ടിയിട്ടില്ലെന്നതാണ് റേഷൻ വ്യാപാരികളുടെ പരാതി. ആഗസ്റ്റിലെ കമ്മിഷൻ ഓണത്തിന് മുമ്പ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ലഭിച്ചത്. കമ്മിഷൻ വൈകുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്ന് ഓൾ കേരളാ റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.