കൊച്ചി: എം.പി, എം.എൽ.എ ഫണ്ടുകളുപയോഗിച്ചുള്ള നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടർ ഡോ. രേണു രാജ്. 16, 17 ലോക്‌സഭകളിലേയും രാജ്യസഭയിലേയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പൂർത്തീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പദ്ധതി വിഭാവനത്തിലെ പാളിച്ചകൾ ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന അവലോകന യോഗത്തിൽ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴികാടൻ, അഡ്വ.ഡീൻ കുര്യാക്കോസ്, ജോസ് കെ.മാണി, മുൻ എം.പിമാരായ പ്രൊഫ.കെ.വി തോമസ്, ഇന്നസെന്റ്, അഡ്വ.ജോയ്‌സ് ജോർജ്, എ.കെ.ആന്റണി, വയലാർ രവി എന്നിവർ നിർദേശിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
ജില്ല പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ പി. ജ്യോതിമോൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.