മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്ന് തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി സ്ഥാപിച്ച ഇരുമ്പു കൂട്ടിൽ മരപ്പട്ടി കുടുങ്ങി. ഇന്നലെ രാവിലെ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കൂട്ടിൽ മരപ്പട്ടി കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി മരപ്പട്ടിയെ ഏറ്റുവാങ്ങി. പായിപ്ര പഞ്ചായത്തിലും പരിസരപ്രദേസശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്നാണ് തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി പഞ്ചായത്ത് കൂടുകൾ സ്ഥാപിച്ചത്. രാത്രിയാകുന്നതോടെ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ പകൽ പഞ്ചായത്ത് ജീവനക്കാർ എത്തുന്നതോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. പഞ്ചായത്ത് ജീവനക്കാരനടക്കം തെരുവ് നായ ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.