laila

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചിട്ടില്ലെന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിംഗും ഭാര്യയും ലൈലയും. കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു മാദ്ധ്യമങ്ങളോടുള്ള ഇവരുടെ പ്രതികരണം. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യപ്രതി ഷാഫി മൗനം പാലിച്ചു.

കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു മൂവരെയും ഇന്നലെ രാവിലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഭർത്താവിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോയെന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി മാത്രമാണോ ഇതിന് പിന്നിലെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. നരബലിക്ക് ശേഷം സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. മാംസം പാകം ചെയ്ത പാത്രവും മറ്റും കണ്ടെത്തി ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.