mulavoor
മുളവൂർ തോട്ടിൽ മാലിന്യം കെട്ടികിടക്കുന്നു.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസും നൂറുകണക്കിനാളുകളുടെ ആശ്രയവുമായ മുളവൂർ തോട്ടിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളി. വിവാഹ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച മാലിന്യമാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ തോട്ടിൽ നിക്ഷേപിച്ചത്.

തോട്ടിലെ മാലിന്യങ്ങൾ ഒഴുകിയെത്തി മുളവൂർ വായനശാല പടിയിൽ തടഞ്ഞ് കിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ബന്ധപ്പെട്ട വാർഡ് അംഗങ്ങളെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്ന് ഉത്ഭവിച്ച് നെല്ലിക്കുഴി,​ പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്. അറവുമാലിന്യം അടക്കമുള്ളവയ്ക്ക് പുറമെ മറ്റു വേസ്റ്റുകളും പാറമട മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാൽ തോട് അഴുക്ക് ചാലിന് സമാനമായിക്കഴിഞ്ഞു. ഇടയ്ക്കിടെ പാറമണൽ കഴുകിയ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടുന്നതും നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്നു. തോടിലേയ്ക്ക് അറവ് മാലിന്യങ്ങളും കോഴിക്കടകളിലെയും മീൻ കടകളിലെയും അവശിഷ്ടങ്ങളും നിക്ഷേപിക്കൽ പതിവാണ്. രാത്രി വടമുക്ക് പാലം വിജനമാകുന്നതോടെ ദൂരെ ദിക്കുകളിൽ നിന്നുപോലും വാഹനത്തിൽ വന്ന് മാലിന്യം തള്ളുകയാണ്. പായിപ്ര, മാനാറി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിലേയും പാറമടകളിലേയും മെറ്റലും മണലും കഴുകുന്ന വെള്ളം തുറന്നുവിട്ടതോടെ തോട് കൂടുതൽ മലിനമാവുകയും വെള്ളം പാൽ കളറായി മാറുകയും ചെയ്തു. തോട്ടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. പായിപ്രയിൽ നിന്ന് ഉത്ഭവിക്കുന്ന കൽചിറ വഴി രാത്രികാലങ്ങളിലാണ് മലിന ജലം ഒഴുക്കുന്നത്.

പെരിയാർവാലി കനാലുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാൽ കടുത്ത വേനലിലും തോട് ജലസമൃദ്ധമാണ്. വേനൽ ആരംഭിച്ചതോടെ പ്രദേശവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനും കൃഷിയാവശ്യത്തിനും മുളവൂർ തോടിനെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ

മുളവൂർ തോട് സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അവഗണിക്കപ്പെടുന്നതിലെ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.