 
പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കുന്നുകര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരിവിമുക്ത പഞ്ചായത്ത് ബോധവത്കരണ കാമ്പയിൽ റോഡ് ഷോയോടെ തുടങ്ങി. ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു , വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് (ജി.സി.ടി) പ്രസിഡന്റ് ശ്രീധരൻ ജയകുമാർ, ജോയിന്റ് സെക്രട്ടറി പി.എ.ശ്രീനിവാസൻ, എക്സിക്യുട്ടീവ് അംഗം തിലകൻ, പ്രിൻസിപ്പൽ ഡോ.പുഷ്പലത, മെഡിക്കൽ സൂപ്രണ്ട് ഡോ.കുമാരി ഇന്ദിര, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സന്തോഷ് കുമാർ, സീനിയർ എച്ച്.ആർ മാനേജർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മോഹൻദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് അവരിൽത്തന്നെ ഡ്രഗ് വാരിയേഴ്സിനെ സൃഷ്ടിക്കുക, ലഹരി ഉപയോഗിക്കുന്നവർക്കായുള്ള കൗൺസിലിംഗ്- മെഡിക്കൽ എയ്ഡ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ, സ്കൂൾ കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, ഫ്ലാഷ് മോബ്, സ്ട്രീറ്റ് പ്ലേ, ഷോർട്ട് ഫിലിം. കച്ചവടക്കാർക്കായുള്ള ജാഗ്രത കൂട്ടായ്മ എന്നിവയാണ് കാമ്പയിന്റെ ഭാഗമായുള്ളത്. കുന്നുകരയെ ലഹരിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയെന്നതാണ് കാമ്പയിനിന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.