മൂവാറ്റുപുഴ: നഗരത്തെ സമ്പൂർണ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത മിഷനുമായി സഹകരിച്ച് മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന ഹരിതം മൂവാറ്റുപുഴ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ഹരിത വിദ്യാലയം പ്രഖ്യാപനം ഫാ.ആന്റണി പുത്തൻകുളവും പരിശുദ്ധ ദേവാലയ പ്രഖ്യാപനം ഫാ.ജോർജ് മാന്തോട്ടവും മാലിന്യരഹിത തെരുവോരം പ്രഖ്യാപനം മുൻ എം.എൽ.എ ജോണി നെല്ലൂരും പ്ലാസ്റ്റിക് നിർമാർജന പ്രഖ്യാപനം മുൻ എം.എൽ.എ എൽദോ എബ്രഹാമും നിർവഹിച്ചു. സേവന പത്രിക ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ റാണി കൈമാറി. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം.അബ്ദുൾ സലാം, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, സംഘാടക സമിതി കൺവീനർ കെ.ജി. അനിൽ കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ പി.പി. നിഷ, പേട്ട ജുമാമസ്ജിദ് ഇമാം സാബിർ മുഹമ്മദ് ബാഖവി, എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽ കുമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി.റസാഖ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിജു മുത്തേടം തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചാലിക്കടവ് ജംഗ്ഷനിൽ നിന്ന് വർണശബളമായ റാലി നടത്തി. കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി. കേഡറ്റുകൾ, എസ്.പി.സി, അങ്കണവാടി വർക്കർമാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ എ.ഡി.എസുകൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വാക്കിംഗ് ക്ലബ്ബ്, റെസിഡന്റസ് അസോസിയേഷൻ, വർക്ക്ഷോപ്പ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ, ഹരിതസേനാ പ്രവർത്തകർ, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. തുടർന്ന് പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ട് തുണി സഞ്ചികൾ വിതരണം ചെയ്തു. വൃത്തിയുള്ള വീടുംനാടും എന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.