bus

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് പാലിക്കാനുള്ള നി‌ർദ്ദേശം ബസുടമകൾക്ക് ബാദ്ധ്യതയാകുന്നു. നിറം മാറ്റുന്നതിന് ആവശ്യമായ വർക്‌ഷോപ്പുകൾ ഇല്ലാത്തതും ഭീമമായ ചെലവുമാണ് പ്രധാന പ്രശ്നം. മറ്റ് നിറങ്ങളിലുള്ള ബസ് വെള്ളനിറത്തിലേക്ക് മാറ്റണമെങ്കിൽ ലക്ഷങ്ങൾ ചെലവാകും. പെയിന്റ് മുഴുവനും മാറ്റി പ്രൈമർ അടിച്ച് പുട്ടിയിട്ട് വെള്ളം നിറം അടിക്കണമെങ്കിൽ 15 ദിവസത്തോളവും വേണ്ടിവരും.

ജില്ലയിലെ ബസുകൾ- ഏകദേശം 2000

വ‌‌ർക്‌ഷോപ്പുകൾ- 15-20 വരെ

ചെലവ്- 1- 1.25 ലക്ഷം

കരകയറാതെ

കൊവിഡിന് ശേഷം തെല്ലൊന്ന് കരകയറുകയായിരുന്നു ടൂറിസ്റ്റ് ബസ് വ്യവസായം. മാസങ്ങളോളം ഓട്ടമില്ലാതെ കിടന്നതിന്റെ ബാദ്ധ്യത ഇതുവരെ തീർന്നിട്ടില്ല. ടയർ, സ്പെയർപാർട്സ്, ഇന്റീരിയർ, സീറ്റ് എന്നിവയടക്കം മാറ്റുന്നതിന് മൂന്ന് മുതൽ 4 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. അതിനിടെ സർവീസുകൾ ആരംഭിച്ച് മെച്ചപ്പെട്ടുവരികയായിരുന്നു. വടക്കഞ്ചേരി ബസ് ദുരന്തത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടതോടെ സർക്കാർ ചട്ടങ്ങൾ കർശനമാക്കി. യുവാക്കളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി ചെയ്ത പെയിന്റിംഗും ലൈറ്റിംഗും സൗണ്ട് സിസ്റ്റവും ഡാൻസിംഗ് ഫ്ളോർ മോഡൽ ഇന്റീരിയർ സംവിധാനങ്ങളുമെല്ലാം പൊളിച്ചുനീക്കേണ്ടിയുംവന്നു.

ഇതിനിടെ പെയിന്റിംഗിനിടെ ഇത്രയും ഭീമമായ തുക കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് ഉടമകൾ പറയുന്നു. കൊവിഡിന് മുമ്പ് സംസ്ഥാനത്ത് 14000 ബസുകളുണ്ടായിരുന്നത്. അതിൽ പകുതിയോളം വിറ്റു. ഇപ്പോൾ ഏഴായിരത്തോളം ബസുകൾ മാത്രമാണ് ഓടുന്നത്.

എസ്.ടി.ഒ തീരുമാനം നടപ്പിലാക്കണം

വരുമാനമില്ലാത്ത സാഹചര്യത്തിൽ 2021ലെ എസ്,ടി.ഒ തീരുമാനം നടപ്പിലാക്കണം. പുതിയ ബസുകൾ കളർ കോഡിൽ ഇറക്കണമെന്നതും പഴയ ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് കളർ കോഡിലേക്ക് മാറ്റണമെന്ന തീരുമാനം നടപ്പിലാക്കണം. നിലവിലെ നിർദ്ദേശപ്രകാരം,​ എത്രയും വേഗം കളർ മാറ്റണമെന്ന തീരുമാനം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

ബിനു ജോൺ

കോൺട്രാക്ട് കാരേജ് ഓപ്പററ്റേഴ്സ് അസോസിയേഷൻ

സംസ്ഥാന പ്രസിഡന്റ്