ചോറ്റാനിക്കര: വിദ്യാർത്ഥികളിൽ സത്യസന്ധത വളർത്തുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോണെസ്റ്റി ഷോപ്പ് ശ്രദ്ധേയമാകുന്നു. വില്പനക്കാരൻ ഇല്ലാത്ത കട എന്ന ആശയവുമായാണ് ഹോണസ്റ്റി ഷോപ്പ് തുറന്നിരിക്കുന്നത്.
കടയുടെ മാതൃകയിൽ എസ്.പി.സി കേഡറ്റുകളായ മേഘന രാജുവും തൻസീറും ചേർന്ന് നിർമ്മിച്ച ഷോപ്പിൽ ബുക്ക്, പേന, പെൻസിൽ എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളുമുണ്ട്. ഏതുസമയത്തും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാം. സാധനങ്ങൾ എടുത്തുകൊടുക്കാനോ പണം മേടിക്കാനോ കടയിൽ ആരുമില്ല! വിലവിവരം പ്രദർശിപ്പിച്ചിട്ടുള്ളതിനാൽ എടുക്കുന്ന ഉത്പന്നങ്ങളുടെ തുക കടയിൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിച്ചാൽ മതി. വിൽപ്പനക്കാരനില്ലാത്ത കടയായതിനാൽ സത്യസന്ധമായി തുക നിക്ഷേപിച്ചു സാധനങ്ങൾ എടുക്കണം.
കടയുടെ പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോൾ കുട്ടികൾ ആവേശത്തിലാണ്. ജീവിതത്തിൽ ആദ്യമായി ലഭിച്ച ഇത്തരമൊരു അവസരം കുട്ടികൾ പ്രയോജനപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് പ്രിൻസിപ്പലും അദ്ധ്യാപകരും. 5000ത്തിലധികം രൂപയുടെ ഉത്പന്നങ്ങളാണ് കടയിൽ എത്തിച്ചിട്ടുള്ളത്. പഠനസംബന്ധമായ കൂടുതൽ ഉത്പന്നങ്ങൾ കടയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ. സ്കൂളിലെ എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ സഹപാഠിക്ക് 14 ലക്ഷം രൂപയുടെ ഭവനം നിർമ്മിച്ചു നൽകിയിരുന്നു. പ്ലാസ്റ്റിക് വിമുക്ത കാമ്പസ്,എന്റെ മരം പദ്ധതികൾ നടപ്പാക്കിയും ലഹരിക്കെതിരായ പോരാടിയും പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചും മാതൃക തീർക്കുകയാണ് സെന്റ് ഇഗ്നേഷ്യസിലെ കുട്ടികൾ.