കളമശേരി: ഏലൂർ വില്ലേജ് ഓഫീസിൽ പ്രതി​ഷേധവുമായി​ ബി.ജെ.പി നേതാക്കളും കൗൺസിലർമാരും . ജനങ്ങൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം വരുന്നെന്നാരോപിച്ചായി​രുന്നു ഇന്നലെ രാവിലെ നടത്തി​യ പ്രതി​ഷേധം. അക്ഷയ വഴി ചെയ്ത ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപെട്ട സർട്ടിഫിക്കറ്റുകൾ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും കിട്ടുന്നില്ലെന്നും കാലതാമസത്തിന്റെ യാതൊരു അറിയിപ്പും കിട്ടുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

600 ഓളം അപേക്ഷകളാണ് ഒരു ദിവസം എത്തുന്നതെന്നും വേണ്ടത്ര ജീവനക്കാരില്ലാത്തതും ഇന്റർ നെറ്റ് തകരാറുമാണ് കാരണമെന്ന് വില്ലേജ് ഓഫീസർ കെ.എം സോജി പറഞ്ഞു. പരിഹാരം കാണാമെന്നും വ്യക്തമാക്കി.

ബി.ജെ.പി ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് വി.വി പ്രകാശൻ , ജനറൽ സെക്രട്ടറി പി.ടി ഷാജി, കൗൺസിലർമാരായ എസ്.ഷാജി, പി.ബി. ഗോപിനാഥ് , കെ.എൻ അനിൽകുമാർ , ചന്ദ്രിക രാജൻ, സാജു വടശേരി എന്നിവർ നേതൃത്വം നൽകി​.