
ക്രൂരമായ നരബലിയുടെയും മനുഷ്യമാംസം ഭക്ഷിച്ചെന്ന മനസ്സു മരവിപ്പിക്കുന്ന വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ വർദ്ധിക്കുന്ന ദുർമന്ത്രവാദ കേന്ദ്രങ്ങൾ, ഇതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിലേക്കൊരു അന്വേഷണ പരമ്പര ഇന്നു മുതൽ
പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തെ നടുക്കിയ ഇരട്ടനരബലിയുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെ കൊടുംക്രിമിനലെന്നു വിശേഷിപ്പിച്ചാൽ പോര. പുറമേ സൗമ്യനായ ഇയാൾ അത്യന്തം അപകടകരമായ മനോവൈകല്യത്തിനുടമയാണ്. പെട്ടെന്ന് അക്രമാസക്തനാകും. കഥകൾ മെനഞ്ഞ് ഇരകളെ വീഴ്ത്തുന്നതിലും ക്രൂരമായി കൊലചെയ്യുന്നതിലും അതിവിദഗദ്ധൻ. പ്രായഭേദമെന്യേ സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കി. അതിൽ വല്ലാത്തൊരു ആനന്ദം കണ്ടെത്തി. സ്ത്രീകളുടെ പ്രത്യേക ശരീര ഭാഗങ്ങൾ ഭക്ഷിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹം സാധിച്ചെന്ന് പൊലീസിനോട് കൂസലില്ലാതെ പറഞ്ഞതിലൂടെ മനസ്സിലാക്കാം ഈ നരാധമന്റെ മാനസികാവസ്ഥെ എന്തെന്ന്. ഇയാൾ കൂടുതൽ നരബലി നടത്തിയിരുന്നോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ചോദ്യം ചെയ്യലിൽ അവ്യക്ത ഉത്തരങ്ങൾ നൽകിയും ഇടയ്ക്കിടെ മാറ്റിപ്പറഞ്ഞും ഉദ്യോഗസ്ഥരെ ആശക്കുഴപ്പത്തിലാക്കുന്ന അടവാണ് പയറ്റുന്നത്.
പെരുമ്പാവൂർ വെങ്ങോല കണ്ടംതറയിൽ വേഴപ്പിള്ളി വീട്ടിൽ മുൻസൂറിന്റെ മകനാണ് ഷാഫി. ആധാർ കാർഡിലെ വിലാസമാണിത്. പതിനാറാം വയസിൽ നാടുവിട്ടു. പെരുമ്പാവൂർ പോഞ്ഞാശേരിക്കാർക്ക് ഇയാൾ റഷീദാണ്. എന്നാൽ, ഷാഫി 25 വർഷം മുമ്പ് താമസിച്ചിരുന്ന ഇടുക്കി മുരിക്കാശേരിയിൽ യഥാർത്ഥ പേര് ആർക്കും അറിയില്ല. നരബലിക്കേസിൽ ഷാഫിയുടെ ചിത്രം പുറത്തുവന്നപ്പോൾ മുരിക്കാശേരിക്കാർ 'ഇത് ആന്ധ്രാക്കോയയല്ലേ" എന്നാണ് ചോദിച്ചത്. എങ്ങുനിന്നോ വന്നതുകൊണ്ട് നാട്ടുകാരിട്ട വട്ടപ്പേരാണ് ആന്ധ്രാക്കോയ. രണ്ടു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും  സ്ഥിരം പ്രശ്നക്കാരനും മോഷ്ടാവുമായ ആന്ധ്രാക്കോയയെ അവർ മറന്നിട്ടില്ല. ഷാഫി  തമ്പടിച്ചിരുന്ന സ്ഥലങ്ങളിലെ തിരോധാനക്കേസുകൾ പൊടിതട്ടിയെടുക്കുകയാണിപ്പോൾ പൊലീസ്. 
മായാവലയം
നിധി കിട്ടാനും വശീകരിക്കാനും ശത്രുസംഹാരത്തിനുമുള്ള മാരക കർമ്മങ്ങളാണ് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന മറവിൽ ചെയ്യുന്നത്. മാടനെയും മറുതയെയും ഒടിയനെയും ജിന്നുകളെയും സാത്താനെയുമൊക്കെ ' പ്രീതിപ്പെടുത്തുന്നതിൽ"ജാതിമത ഭേദമന്യേ എല്ലാ വിഭാഗക്കാരുമുണ്ട്. ബ്ലാക്ക് മാസും ജിന്നുപാസനയുമെല്ലാം ഇതിന്റെ മറ്റൊരു ഭാഗമാണ്. കോഴിവെട്ട്, ആർത്തവ രക്തം, ഭ്രൂണം എന്നിവ സമർപ്പിക്കൽ, ശത്രുവിന്റെ വീട്ടുമുറ്റത്ത് ഇവ രഹസ്യമായി കുഴിച്ചിടൽ... ഇങ്ങനെ പോകുന്നു ആഭിചാര കർമ്മങ്ങൾ. ഐശ്വര്യവും സമ്പത്തും സുഖജീവിതവും കിട്ടുമെന്ന വ്യാമോഹമാണ് പലരേയും ദുർമന്ത്രവാദികളുടെ അടുത്തെത്തിക്കുന്നത്.
എന്നാൽ, വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും വരെ ദുർമന്ത്രവാദികളുടെ വലയിൽ വീഴുന്നുവെന്നതാണ് അത്ഭുതം. അനധികൃത സമ്പാദ്യമുള്ളരും സ്ഥിരം കസ്റ്റമർമാരാണ്.
മന്ത്രവാദ കുരുതികൾ
ഇടുക്കി പനംകുട്ടി മുതൽ പത്തനംതിട്ട ഇലന്തൂർ വരെ നീളുകയാണ് കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ദുർമന്ത്രവാദ കുരുതികൾ. തമിഴ്നാട്ടുകാരനായിരുന്നു ആദ്യകേസിലെ ദുർമന്ത്രവാദിയെങ്കിൽ ഇന്നത് ഷാഫിയായെന്ന് മാത്രം. രീതികൾ പലതെങ്കിലും വിശ്വസിപ്പിക്കുന്ന രീതിയും പ്രയോഗങ്ങളെല്ലാം ഒന്നുതന്നെ. അന്ധവിശ്വാസത്തിന്റെ കെണിയിൽ വീണവർ സ്വന്തം ചോരയെപ്പോലും ബലികൊടുക്കാൻ മടിക്കാത്തവരാകുമെന്ന് 1995ലെ രാമക്കൽമേട് നരബലിക്കേസ്  കാട്ടിത്തരുന്നു. 2021ൽ പുതുപ്പള്ളിയിലാണ് ഇതിന് മുമ്പ് മനുഷ്യബലി നടന്നത്.
നാളെ - ആഭിചാരത്തിന്റെ പിന്നാമ്പുറങ്ങൾ