 
കൊച്ചി: വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും കർമ്മശേഷി നഗരവികസനത്തിന് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി കോർപ്പറേഷൻ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. മാലിന്യ സംസ്കരണം, ലഹരിവിരുദ്ധ പ്രവർത്തനം, നഗരാസൂത്രണം, നഗര സൗന്ദര്യവത്ക്കരണം, കായികം, കല, കൃഷി, നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖല, മാനസികാരോഗ്യം, വ്യക്തിത്വ വികസനം, പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വോളന്റിയർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം ലഹരി ദുരുപയോഗം പോലെയുള്ള പ്രവർത്തനങ്ങളിൽ നിന്നു യുവാക്കളെ അകറ്റി നിർത്തുകയെന്നതുമാണ് പദ്ധതിയുടെ ഉദ്ദേശം. ഓൺലൈനായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാവുന്ന വെർച്ച്വൽ വളണ്ടിയർ ബാങ്ക് രൂപീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹയർ സെക്കൻഡറി മേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ കരിം, ഡി.ഇ.ഒ സുധർമ്മ, എ.ഇ.ഒ മാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സിമി ആന്റണി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വോളണ്ടിയറിംഗ് നയം തയ്യാറാക്കുന്നതിന് ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിഎ. ശ്രീജിത്ത്, പി.ആർ. റെനീഷ്, ഷീബ ലാൽ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ സംസാരിച്ചു.