1
എൻ.ജി.ഓ കോട്ടേഴ്സുകൾ

തൃക്കാക്കര: ഒരുകാലത്ത് പ്രൗഢിയുടെ പ്രതീകമായിരുന്ന 18 ഏക്കർ ഭൂമിയിലെ എൻ.ജി.ഒ ക്വാർട്ടേഴ്സുകൾ സാമൂഹ്യവി​രുദ്ധരുടെ കേന്ദ്രമാകുന്നുവെന്ന് ആക്ഷേപം.

മെട്രോ സിറ്റി പദ്ധതിക്കായി കെ.എം.ആർ.എല്ലി​ന് സർക്കാർ വിട്ടുകൊടുത്തതോടെയാണ് ആൾതാമസമി​ല്ലാതെ കിടക്കുന്ന പഴയ ക്വാർട്ടേഴ്സ് രാത്രികാലങ്ങളിൽ ലഹരി മാഫിയകൾ കൈയ്യടക്കിയിരിക്കുന്നത്.കാക്കനാട് പാലച്ചുവട് മുതൽ കുന്നുംപുറം ഗവ.യൂത്ത് ഹോസ്റ്റൽ വരെയുള്ള ഭാഗങ്ങളിലെ പഴയ ക്വാർട്ടേഴുകളി​ലാണ് ഇവരുടെ വി​ഹാരം.

ക്വാർട്ടേഴ്സുകളി​ലെ ജീവനക്കാരുടെ വാഹനങ്ങളിൽ നിന്നും പെട്രോൾ ഉൗറ്റുക,കുട്ടികളുടെ സൈക്കിൾ മോഷണം എന്നി​വ പതിവാണെന്ന് താമസക്കാർ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് എൻ.ജി.ഒ ക്വാർട്ടേഴ്സി​ലെ പാലിയേറ്റീവ് കെയർ വാഹനത്തിന്റെ സൈലൻസർ മോഷണം പോയിരുന്നു. കാലാവധി കഴിഞ്ഞ വൺ ടൈപ്പ്, ടു ടൈപ്പ് ക്വാർട്ടേഴ്സ് പി.ഡബ്ല്യൂ.ഡി യഥാസമയം നവീകരിക്കാതായതോടെ താമസക്കാർ എൻ.ജി.ഒ ഫ്‌ളാറ്റുകളിലേക്ക് മാറിയതോടെ ഈ കെട്ടിടങ്ങളിൽ താമസക്കാരില്ലാതായി. പിന്നീട് മെട്രോ സിറ്റിക്ക് കൊടുത്തത് മൂലം പുതുക്കിപ്പണിയാനാവാതായതോടെ ക്വാർട്ടേഴ്സുകളിൽ പലതും നിലംപൊത്തി. കുന്നുംപുറം ഗവ.യൂത്ത് ഹോസ്റ്റൽ ഭാഗത്തെ ചില കെട്ടിടങ്ങൾ മെട്രോ അധികൃതർ പൊളിക്കാൻ ആരംഭിച്ചെങ്കിലും പിന്നീട് നിശ്ചലമാവുകയായിരുന്നു.


# എൻ.ജി.ഒ ഫ്‌ളാറ്റുകളിൽ മാലിന്യ കൂമ്പാരം

ആളൊഴിഞ്ഞുകിടക്കുന്ന എൻ.ജി.ഒ ഫ്‌ളാറ്റുകളിൽ മാലിന്യ കൂമ്പാരമാണ്. റോഡിലൂടെ വാഹനത്തിലെത്തി മാലിന്യം നിറച്ച കവർ ഈ പ്രദേശങ്ങളിലേ എൻ.ജി.ഓ ഫ്‌ളാറ്റുകളിലേക്ക് എറിയുന്നത് മൂലം ഈ പ്രദേശങ്ങളിലൂടെ മൂക്ക് പൊത്താതെ യാത്ര ചെയ്യാനാവില്ല. മാലിന്യവും കാടുകയറിയതുമൂലം ഈ പ്രദേശത്തേക്ക് പെട്ടെന്നാർക്കും കടന്നുചെല്ലാവാനില്ല. ഈ അവസരം മുതലെടുത്താണ് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം.

# ഉപയോഗ ശൂന്യമായി​ കിണറുകൾ

ജില്ലാ കളക്ടറുടെ വരൾച്ചാ ദുരിതാശ്വാസ കുടിനീർ പദ്ധതിയിൽപ്പെടുത്തി ഈ പ്രദേശങ്ങളിൽ നിർമ്മിച്ച നാലുകിണറുകൾ ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.പാലച്ചുവട് എൻ.ജി.ഒ ക്വാർട്ടേഴ്സുകളി​ൽ രണ്ടുകിണറുകളും, എൻ.ജി.ഒ ഫ്‌ളാറ്റുകളുടെ സമീപത്ത് രണ്ടുകിണറുകളുമാണുളളത്.

.........................................

ഈ പ്രദേശങ്ങളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാണ്. നേരമിരുട്ടിയാൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് പ്രദേശത്ത് പൊലീസ് പരിശോധന കാര്യക്ഷമമാക്കണം. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടെങ്കിലും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ല.

സജീന അക്ബർ
വാർഡ് കൗൺസിലർ