പെരുമ്പാവൂർ: പാലമില്ല, ഉണ്ടായിരുന്ന കടത്തും നിന്നു. കൂവപ്പടി പഞ്ചായത്തിലെ ആറ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കിലോമീറ്റർ ചുറ്റിക്കങ്ങാതെ മറുകരയെത്താനാകില്ല. ചേരാനെല്ലൂർ- നീലിശ്വരം പാലം യാഥാർത്ഥ്യമായാൽ ഈ ചുറ്റിക്കറങ്ങൽ എന്നന്നേക്കുമായി അവസാനിക്കും. പക്ഷേ, അതിന് സർക്കാർ കനിയണം. പെരുമ്പാവൂരിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെട്ട പാലത്തിന് സർക്കാർ അംഗീകരം ലഭിച്ചിട്ടുണ്ടെങ്കിലും പിന്നീടൊരു നടപടിയും ഉണ്ടായില്ല. പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി. കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ഗോപകുമാറും കൺവീനർ ദേവച്ചൻ പടയാട്ടിലും ബി.ജെ.പി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണിപ്പോൾ. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇത് ഏറ്റുവാങ്ങിയത്.

• ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങൾ

ചേരാനല്ലൂർ മങ്കുഴി

ഓച്ചന്തുരുത്ത്

ഇടവൂർ തോട്ടുവ

കൂടാലപ്പാട്

•പാലത്തിനക്കരെ

നീലീശ്വരം, കൊറ്റമം, മഞ്ഞപ്ര ,നടുവട്ടം, ഇടവൂർ, അയ്യമ്പുഴ എന്നിടങ്ങളിൽ എത്തിയാലേ ബസ് യാത്ര ചെയ്യാനാകൂ. സ്കൂളുകളിലും ആശുപത്രികളിൽ പോകാനും മറുകര തന്നെ ശരണം. പാലം വന്നാൽ ടൂറിസം, ഗ്രാമ വികസനം, കാർഷിക ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ, പുരാതന ആരാധനാലയങ്ങളുടെ വികസനമെല്ലാം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാർ.

വേണ്ട നടപടികൾ സ്വീകരിക്കാം

വി. മുരളീധരൻ

വിദേശകാര്യ സഹമന്ത്രി