തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ കീഴിലെ ഏക മൈതാനമായ കാക്കനാട് മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തുന്ന കായിക താരങ്ങൾക്ക് കുടിവെള്ളം ലഭിക്കാതായിട്ട് ആറുമാസം പിന്നിടുന്നു. നഗരസഭ ഏറെ കൊട്ടിഘോഷിച്ച് മൈതാനത്തിന് തെക്ക് വശത്തായി സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച വാട്ടർ ഫ്യൂരിഫെയർ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. മൈതാനത്തെത്തുന്ന കായിക താരങ്ങൾ ദാഹം അകറ്റണമെങ്കിൽ കുടിവെള്ളം കൈയ്യിൽ കരുതേണ്ട ഗതികേടിലാണ്. ഗ്രൗണ്ടിന്റെ തെക്ക് ഭാഗം കാടുകയറിയ അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് സ്വകാര്യ ഗ്രൗണ്ടുകളാണ് ഇപ്പോഴും ആശ്രയം.

സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭകളി​ലൊന്നാണ് തൃക്കാക്കര. ആവശ്യത്തിന് പണമുണ്ടെങ്കിലും കായികതാരങ്ങളോട് കടുത്ത അവഗണന നഗരസഭാ അധികൃതർ തുടരുകയാണ്. ദിവസേന രാവിലെ ഫുട്ബാളി​നും വൈകിട്ട് ക്രിക്കറ്റ് കളിക്കാനും നടക്കാനുമൊക്കെയായി നൂറുകണക്കിന് പേരാണ് ഗ്രൗണ്ടിനെ ആശ്രയിക്കുന്നത്. കളിസ്ഥലം സ്വകാര്യ ഹെലികോപ്ടർ സർവീസിന് വിട്ടുനൽകിയതിൽ കായിക താരങ്ങളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷന് സമീപം വർഷങ്ങൾക്ക് മുമ്പ് മുൻ എൽ.ഡി.എഫ് ഭരണ സമിതിയാണ് മൈതാനമെന്ന യുവാക്കളുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ചത്. 2009-10 കാലഘട്ടത്തിൽ ഗ്രൗണ്ടിന് തെക്കുഭാഗത്ത് ഗാലറി നിർമ്മിച്ചു. എല്ലാ ബഡ്ജറ്റിലും ലക്ഷങ്ങൾ നീക്കിവയ്ക്കാറുണ്ടെങ്കിലും ഗ്രൗണ്ടിന്റെ അവസ്ഥയിൽ മാത്രം മാറ്റമുണ്ടായില്ല.. ടർഫ് കോർട്ടി​നായി​ കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും 28 ലക്ഷം പേരി​നു വകയിരുത്തി​യെങ്കിലും യാതൊരു പ്രവർത്തനങ്ങളും നടന്നിരുന്നില്ല.