court

കൊച്ചി:ടിക്കറ്റിതര വരുമാനത്തിലൂടെ നഷ്ടം നികത്താൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി, ബസുകളിൽ പരസ്യം പാടില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നതിൽ പൊതു, സ്വകാര്യ വാഹനമെന്ന വേർതിരിവില്ലെന്നും ഹൈക്കോടതി.

അഞ്ചു കുട്ടികളടക്കം ഒമ്പതു പേ‌ർ മരിച്ച വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ സ്‌കൂൾ അധിക‌‌ൃതർക്കും മോട്ടോർ വാഹന വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഫി​റ്റ്നസ് പരി​ശോധനയുടെ പിറ്റേന്ന് എക്സ്ട്രാ ഫിറ്റിംഗുകളും അലങ്കാരങ്ങളും ബസുകളിൽ ഘടിപ്പിക്കുന്നത് ഗുരുതര വീഴ്ചയാണ്. ശുചിത്വം, ബോഡിക്കു പുറത്തേക്ക് തള്ളിനിൽക്കാത്ത ടയർ, ശബ്ദ മലിനീകരണ നിയന്ത്രണങ്ങൾ തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ‌രാണ്.

വടക്കഞ്ചേരി അപകടത്തിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുട്ടികൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ വാഹനത്തിലെ ചട്ടലംഘനങ്ങൾ വ്യക്തമാണെന്നും കോടതി പറഞ്ഞു.

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാൻ സാവകാശം നൽകണമെന്ന് കേസിൽ കക്ഷി ചേർന്ന് ഉടമകൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരി​ച്ചി​ല്ല. ചട്ടങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഗാരേജിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും ഹൈക്കോടതി പറഞ്ഞു.

ടൂറിസ്റ്റ് ബസ് ഫെഡറേഷനെയും കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനെയും, നിയമവിരുദ്ധ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാരെ തടയാനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ്ഐ.ടി മന്ത്രാലയത്തെയും കേന്ദ്ര ഹൈവേ മന്ത്രാലയത്തെയും കക്ഷി ചേർത്തു.

രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ ചിത്രത്തോടൊപ്പം ഹൈക്കോടതിയുടെ ചിത്രം അപ്‌ലോഡ് ചെയ്ത വ്ളോഗറെ കണ്ടെത്തി നടപടിയെടുക്കാനും നി​ർദ്ദേശമുണ്ട്. ഇ-ബുൾ ജെറ്റ് എന്ന വാഹനത്തിനൊപ്പമാണ് ഹൈക്കോടതിയുടെ ചിത്രം ചേർത്തത്.

പരസ്യം പോയാൽ

വരുമാനവും പോകും

തിരുവനന്തപുരം: ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിലക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ നഷ്ടം നികത്താനുള്ള കോർപറേഷന്റെ ശ്രമത്തെ സാരമായി ബാധിക്കും. ബസുകളിലെ പരസ്യം, പെട്രോൾ പമ്പുകൾ, ഷോപ്പ് ഓൺ വീൽസ് തുടങ്ങിയവയിലൂടെയാണ് ടിക്കറ്റിതര വരുമാനം വരുന്നത്. ഈ വർഷം തുടക്കത്തിൽ രണ്ടു കോടിയായിരുന്ന ടിക്കറ്റിതര വരുമാനം കഴിഞ്ഞ മാസം പത്തു കോടിയായി. അതിൽ മൂന്നു കോടിയും ബസുകളിലെ പരസ്യവരുമാനമായിരുന്നു. അടുത്ത മാർച്ചോടെ ഓരോ വർഷവും ടിക്കറ്റിതര വരുമാനം 25 കോടിയും പരസ്യവരുമാനം 10 കോടിയുമാണ് ഉന്നം. കൊവിഡിനു ശേഷം കെ.എസ്.ആർ.ടി.സി നഷ്ടത്തിൽ നിന്ന് കരകയറിയിട്ടില്ല. കഴിഞ്ഞ മാസവും സർക്കാർ 50 കോടി രൂപ നൽകിയതുകൊണ്ടാണ് ശമ്പളം നൽകിയത്.

`വിധി ലഭിച്ചശേഷം അപ്പീൽ പോകുന്നത് സർക്കാരിനോട് ആലോചിച്ച് തീരുമാനിക്കും'

- ബിജു പ്രഭാകർ,​

സി.എം.ഡി,​ കെ.എസ്.ആർ.ടി.സി